ദേവര്‍കോവില്‍ കെ.വി. കെ.എം.എം യു.പി സ്‌കൂളിലെ 40 അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു കുളം ശുചീകരിച്ചത്.  

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയണ്‍മെന്റ്) ജീവജലം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ക്ഷേത്രക്കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്നു.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റ്യാടിക്കടുത്ത് ദേവര്‍കോവില്‍ കാഞ്ഞിരോളി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ കുളം വൃത്തിയാക്കി കൊണ്ട് നിര്‍വഹിച്ചു. ദേവര്‍കോവില്‍ കെ.വി. കെ.എം.എം യു.പി സ്‌കൂളിലെ 40 അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു കുളം ശുചീകരിച്ചത്. മതസൗഹാര്‍ദത്തിന് മാതൃകയായി ജാതി-മത പരിഗണനകളില്ലാതെ എല്ലാ വിഭാഗം ആളുകളും ചേര്‍ന്നാണ് ക്ഷേത്രക്കുളം ശുചീകരിച്ചത്. 

ക്ഷേത്രക്കുളം ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ നിര്‍വ്വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ. സുരേഷ്‌കുമാര്‍ മുഖ്യാതിഥിയായി.

സേവിനെകുറിച്ച് ഗ്രന്ഥരചന നടത്താനായി കാലിഫോര്‍ണിയയില്‍ നിന്നും എത്തിച്ചേര്‍ന്ന ഇംഗ്ലീഷ് അധ്യാപിക ജസി ഡയാന ബേക്കര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജലാശയങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്ന സേവിന്റെ ജീവജലം പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാലയവും ഓരോ ജലാശയം തെരഞ്ഞെടുത്ത് സംരക്ഷിക്കുന്നുണ്ട്. ഇതോടൊപ്പം ആരാധനാലയങ്ങളിലെ കുളങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പള്ളി കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയും നടന്നു വരുന്നുണ്ട്.