സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികളും ഓണപരീക്ഷയുടെ ചൂടിലാണെങ്കില്‍ കാസര്‍ഗോഡ് കൊടിയമ്മ ഗവണ്‍മെന്‍റ് യുപി സ്കൂളില്‍ കുട്ടികള്‍ ക്ലാസ് മുറിയില്‍ കളിയുടെ തിരക്കിലാണ്. സ്കൂളിലെ പ്രധാനാദ്ധ്യാപകനടക്കമുള്ള ഒമ്പത് അദ്ധ്യാപകര്‍ കൂട്ടത്തോടെ സ്ഥലംമാറിപോയതോടെയാണ് അധ്യയനം നടക്കാതായത്.

കുമ്പളക്കടുത്ത് കൊടിയമ്മ ഗവണമെന്‍റ് സ്കൂളിലെ മൂന്നാം ക്ലാസ്സില്‍കഴിഞ്ഞ ഒന്നര മാസമായി അദ്ധ്യാപകരാരും വന്നിട്ടില്ല. കുട്ടികള്‍ കളിയുടെ സന്തോഷത്തിലാണ്. പല ഡിവിഷന്‍റേയും സ്ഥിതി ഇത് തന്നെയാണ് .ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലായി പത്ത് ഡിവിഷനുകളുള്ള സ്കൂളില്‍ പ്രധാനാദ്ധ്യാപകനടക്കം പതിനൊന്ന് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒമ്പത് അദ്ധ്യാപകര്‍ ഓഗസ്റ്റ് മാസം ആദ്യം കൂട്ടത്തോടെ സ്ഥലം മാറ്റം വാങ്ങിപ്പോയി. ക്ലാസുകള്‍ ക്രമീകരിക്കേണ്ട ഹെഡ്മാസ്റ്ററാണ് ആദ്യം പോയത്. ഇതോടെ സ്കൂളില്‍ രണ്ട് അദ്ധ്യാപകര്‍ മാത്രമായി. പിടിഎ പ്രതിഷേധിച്ചപ്പോള്‍ വിദ്യഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം രണ്ട് അദ്ധ്യാപകരെ പുതിയതായി നിയമിച്ചു. ഇപ്പോള്‍ നാല് അദ്ധ്യാപകരും പത്ത് ക്ലാസ് മുറികളും. പിന്നെ കുട്ടികള്‍ ക്ലാസ് മുറിയില്‍ കളിക്കുകയല്ലാതെയെന്തു ചെയ്യും.

സ്ഥലം മാറി പോയ അദ്ധ്യാപകരുടെ ഒഴിവുകള്‍ നികത്തുമെന്ന് പറയുന്ന വിദ്യഭ്യാസ വകുപ്പധികൃതര്‍ക്ക് അതെന്നുണ്ടാവുമെന്ന് പറയാനാവുന്നില്ല.അതുവരെ കുട്ടികള്‍ എന്തുചെയ്യണമെന്നും.