മരട് വാഹനാപകടം വിശദീകരണവുമായി ഡ്രൈവർ വാഹനം അമിത വേഗത്തിലായിരുന്നില്ല റോ‍ഡിന്‍റെ കുഴപ്പം കൊണ്ടാണ് അപകടം ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി

കൊച്ചി: മരടിൽ ഡേ കെയർ സ്ഥാപനത്തിന്‍റെ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്നു പേർ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഡ്രൈവർ ബാബു. തന്‍റെ അശ്രദ്ധമൂലമല്ല അപകടമെന്നും വാഹനം അമിത വേഗത്തിലായിരുന്നില്ലെന്നും ബാബു പറഞ്ഞു. ചികിത്സയിലായിരുന്ന ബാബു കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡ്രൈവർ ബാബുവിനോട് ഹാജരാകാൻ കൊച്ചി സിറ്റി പൊലീസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വിശദീകരണം. താൻ പതിവായി പോകുന്ന വഴിയല്ല ഇത്. പുതിയതായി ഡേ കെയറിലെത്തിയ കുട്ടിയെ വിടാനാണ് ഇതുവഴി പോയത്. വാഹനം തെന്നിമാറിയാണ് കുളത്തിലേക്ക് പതിച്ചത്. താൻ തന്നെയാണ് നാലു കുട്ടികളെ രക്ഷിച്ചതെന്നാണെന്നും ബാബു പറയുന്നത്. 

ആദ്യം സ്ഥലത്തെത്തിയവർ നോക്കി നിന്നതേയുളളൂ. ക്രമേണയാണ് വാഹനം വെളളത്തിലേക്ക് താണതെന്നും ബാബു പറഞ്ഞു. അതേസമയം, ബാബുവിനെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചിട്ടുണ്ട്. ആശുപത്രി ഡ്രൈവ‍‍ർ മരടിലെ വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്.