ദുബായ്: മുപ്പത് ഭാഷകളില്‍ പാട്ടുപാടാന്‍ കഴിയുന്ന മലയാളി പെണ്‍കുട്ടിയെ പരിചയപ്പെടുക. ദുബായില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സുചേതയാണ് ഈ മിടുക്കി. ദുബായ് ഇന്ത്യന്‍ ഹൈസ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സുചേത. ഡോക്ടറായ കണ്ണൂര്‍ സ്വദേശി ടി.സി സതീഷിന്‍റേയും സുമിതയുടേയും മകള്‍.

സ്വാഹിനി, ഹീബ്രു, ക്രൊയേഷ്യന്‍, അര്‍മേനിയന്‍, ഫിന്നിഷ്, ഫ്രഞ്ച്, തഗലോഗ്, അറബിക്, ജപ്പാനീസ്, ഇറ്റാലിയന്‍, കൊറിയന്‍ തുടങ്ങി മുപ്പത് ഭാഷകളില്‍ പാട്ടുപാടും ഈ പതിനൊന്ന് വയസുകാരി. ജപ്പാനില്‍ നിന്നുള്ള ഒരു സുഹൃത്ത് പാടിയ പാട്ട് ഇഷ്ടപ്പെട്ട് പഠിച്ചതാണ് സുചേതയുടെ തുടക്കം.

ഇപ്പോള്‍ ഇരുപത് വിദേശ ഭാഷകളിലും പത്ത് ഇന്ത്യന്‍ ഭാഷകളിലും പാടാന്‍ യൂ ട്യൂബ് നോക്കി സ്വന്തമായാണ് ഈ മിടുക്കി പാട്ടുകള്‍ പഠിക്കുന്നത്. തനിക്ക് സംസാരിക്കാന്‍ അറിയാത്ത ഭാഷയാണെങ്കിലും പാട്ടുപാടുമ്പോഴുള്ള കൃത്യമായ ഉച്ചാരണമാണ് വേറിട്ടതാക്കുന്നത്. ഏറ്റവുമധികം ഭാഷകളില്‍ പാട്ടുപാടാനുള്ള കഴിവ് എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടണമെന്ന ആഗ്രഹത്തിലാണ് സുചേത. അതിനുള്ള പരിശ്രമത്തിലുമാണ്.