Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ കലോത്സവം ഇനി ഗ്രീന്‍ പ്രോട്ടോക്കോളില്‍; പൂക്കളുടെ പേരിട്ട്  വേദികള്‍

school kalolsavam stages names
Author
First Published Dec 19, 2017, 11:10 AM IST

തൃശൂർ: സ്‌കൂള്‍ കലോത്സവം ഇനി ഗ്രീന്‍ പ്രോട്ടോക്കോളില്‍. തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് കേരളത്തിലെ മരങ്ങളുടേയും പൂച്ചെടികളുടേയും പേരുകള്‍ നല്‍കും. സ്‌കൂള്‍ കലോത്സവം പൂര്‍ണമായും ഹരിതനയം പാലിച്ചു നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ (കമലാസുരയ്യ) സ്മരണ ഉണര്‍ത്തുന്ന നീര്‍മാതളം എന്നാണ് മുഖ്യവേദിയുടെ പേര്. സന്ധ്യക്ക് ശേഷം സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന വേദിയുടെ പേര് നിശാഗന്ധിയെന്നാണ്. പാചകശാലയ്ക്ക് തൃശ്ശൂരിന്‍റെ നെല്ലിനമായ പൊന്നാര്യന്‍ എന്നും ഭോജനശാലയ്ക്ക് സര്‍വസുഗന്ധി എന്നും പേരിട്ടു.  

ഗ്രീന്‍പ്രോട്ടോകോള്‍ കമ്മിറ്റി ഓഫീസിന്‍റെ പേര് തുളസിയെന്നാണ്. നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്‍പലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിങ്ങനെയാണ് മറ്റുള്ള 22 വേദികളുടെ പേരുകള്‍.

മുഖ്യവേദിയായ നീര്‍മാതളത്തിന് പുറമേ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന നിശാഗന്ധിയും നൃത്തപരിപാടികള്‍ക്കായുള്ള നീലക്കുറിഞ്ഞിയും തേക്കിന്‍കാട് മൈതാനത്താണ് ഒരുക്കിയിരിക്കുന്നത്. 2018 ജനുവരി ആറു മുതല്‍ 10 വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. വേദികളുടെ പേരുകളോടൊപ്പം അതാത് മരങ്ങളുടെയും ചെടികളുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.  കഴിഞ്ഞ വര്‍ഷം കേരളത്തിലെ നദികളുടേയും  പുഴകളുടേയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്.

വേദിമാറ്റി

അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ വേദിക്ക് ഭക്തജനങ്ങളുടെ ക്ഷേത്ര ദർശനത്തിന് സൗകര്യമൊരുക്കാൻ വേണ്ടി സ്ഥാനചലനം. മൂന്നാം വേദിയായി നിശ്ചയിച്ചിരുന്ന നായ്കനാൽ വേദിയാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആവശ്യത്തെ തുടർന്ന് തേക്കിൻകാട്ടിൽ തന്നെ ബാനർജി ക്ലബിന്‍റെ മുമ്പിലേക്ക് മാറ്റിയത്. 

വടക്കുംനാഥ ക്ഷേത്ര ദർശനത്തിന് വേദി തടസമാകുമെന്ന് സമിതി പ്രവർത്തകർ പറഞ്ഞിരുന്നു. അതേസമയം പ്രധാന വേദിയായ പൂരം എക്സിബിഷൻ നഗറിനോട് അടുത്തേയ്ക് മാറ്റിയത് കുട്ടികൾക്കും കാണികൾക്കും ഗുണകരമായിട്ടുണ്ട്. പുതിയ വേദി ഭഷണ പന്തലിനോട് അടുത്താണെന്നുള്ളതും 'വേദി മാറ്റം' കൊണ്ടുള്ള ഗുണമാണ്. 

കലോത്സവ ചെയർമാൻ കൃഷിമന്തി വി എസ് സുനിൽകുമാർ, സബ് കളക്ടർ ഡോ.രേണു രാജ് എന്നിവർ ഇടപെട്ടാണ് വേദി മാറ്റം വൈകാതെ തന്നെ തീർപ്പാക്കിയത്. അതിനിടെ, കലോത്സവത്തിന്‍റെ കാര്യപരിപാടികളും മത്സര ഇന വിവരങ്ങളും വേദികളും ഉൾക്കൊള്ളുന്ന പ്രോഗ്രാം നോട്ടീസ് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഗവ .മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
 

Follow Us:
Download App:
  • android
  • ios