കുട്ടികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു നടപടി ഫീസ് വര്‍ദ്ധന ചോദ്യം ചെയ്തതിന് അഞ്ച് കുട്ടികളെ ഗേറ്റിന് പുറത്ത് നിര്‍ത്തി അഞ്ച് ശതമാനം ഫീസ് കൂട്ടിയെന്ന് രക്ഷിതാക്കള്‍

കൊച്ചി: ഫീസ് കൂട്ടിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ വിദ്യാർത്ഥികളെ കൂട്ടത്തോടെ പിരിച്ച് വിട്ട് മാനേജ്മെന്‍റിന്‍റെ പ്രതികാരം. എറണാകുളം ശ്രീ ശ്രീ രവിശങ്കർ വിദ്യാനികേതൻ സ്കൂളിലെ അഞ്ച് കുട്ടികൾക്കാണ് ആദ്യ ദിനം ഗേറ്റിന് പുറത്ത് നിൽക്കേണ്ടിവന്നത്.

ഫീസ് അടച്ചിട്ടില്ലെങ്കിലും അതിന്‍റെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കില്ലെന്ന പ്രതീക്ഷയിലാണ് ദേവനയും, സാവരിയയും ശങ്കര നാരായണനുമെല്ലാം സ്കൂളിൽ എത്തിയത്. പക്ഷെ സെക്യൂരിറ്റിക്കാരൻ കുട്ടികളെ കയറ്റാതെ ഗേറ്റടച്ചു. ഫീസ് നൽകാത്തതിനാൽ കുട്ടികളെ കയറ്റേണ്ടെന്നാണ് കിട്ടിയ ഉപദേശമെന്നും ടിസി തപാലിൽ അയച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. പുതിയ അധ്യയനവർഷം കൂട്ടുകാരെല്ലാം ക്ലാസിൽ കയറിയപ്പോൾ അത് നോക്കി നിൽക്കുകയായിരുന്നു അ‌ഞ്ച് കുട്ടികളും.

എൽകെജി ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മുപ്പത്തി അഞ്ച് ശതമാനം ഫീസാണ് മാനേജ്മെന്‍റ് ഒറ്റയടിക്ക് കൂട്ടിയതെന്ന് രക്ഷിതാക്കൾ പറയുന്നു. വർദ്ധിപ്പിച്ച ഫീസ് കുറയ്ക്കാൻ ബാലവകാശ കമ്മീഷനെ അടക്കം സമീപിച്ചു. കമ്മീഷൻ ഉത്തരവ് പ്രകാരം വർദ്ദനവിൽ പത്ത് ശതമാനം കുറയക്കാമെന്ന് മാനേജെമെന്‍റ് സമ്മതിച്ചെങ്കിലും അതുണ്ടായില്ല. ഇതിനെതിരെ പ്രതികരിച്ചതിനാണ് മക്കളോട് പ്രതികാരം വീട്ടിയതെന്ന് രക്ഷിതാക്കളും പറയുന്നു. എന്നാൽ, പുറത്താക്കൽ ഫീസ് അടയ്ക്കാത്തതുകൊണ്ട് മാത്രമല്ലെന്നാണ് മാനേജ്മെന്‍റ് വിശദീകരണം. സ്കൂളിന്‍റെ അച്ചടക്കം ഇല്ലാതാക്കാൻ നിരന്തരം ഈ കുട്ടികളുടെ രക്ഷിതാക്കൾ ശ്രമിച്ചെന്നും അതിനാലാണ് നടപടിയെന്നും മാനേജ്മെന്‍റ് വിശദീകരിക്കുന്നു.