കുന്നംകുളത്തിനടുത്തെ കിനാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്‍. പ്രദേശത്തെ നാല് ഹരിജന്‍ കോളനികളിലുള്‍പ്പടെയുള്ള സാധാരണക്കാരുടെ മക്കള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് കാലങ്ങളായി ആശ്രയിക്കുന്ന പള്ളിക്കൂടം. 

എന്നാലിപ്പോള്‍ ഈ സ്‌കൂള്‍ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. കുട്ടികളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ മാനെജര്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്ന് നേടിയത്.നാട്ടുകാരുടെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് അടച്ചുപൂട്ടല്‍ നീട്ടിക്കൊണ്ടുപോയെങ്കിലും ഇപ്പോള്‍ സ്‌കൂളടയ്ക്കാനുള്ള നോട്ടീസ് പതിപ്പിച്ചിരിക്കുകയാണ്.

മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനോടായിരുന്നു വിദ്യാഭ്യാസ വകുപ്പിനും താത്പര്യം. അവരത് കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടച്ചുപൂട്ടാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് മാനേജര്‍. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂള്‍ പൂട്ടുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് മാനേജരുടെ വാദം. ഇതോടെ പ്രദേശത്തെ സാധാരണക്കാരായ നിരവധി കുട്ടികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.