ഹൈദരാബാദ്: സ്കൂള്‍ ഫീസ് അടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ ചൂരലുകൊണ്ട് അടിച്ചു. ഹൈദരാബാദിലെ ചാര്‍മിനാറില്‍ ഗൗതം മോഡല്‍ സ്കൂളിലാണ് പ്രിന്‍സിപ്പാളിന്‍റെ ക്രൂരത. എട്ട്, പത്ത് ക്ലാസിലെ വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്തുനിര്‍ത്തി ചൂരലുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സുനിത എന്ന പ്രിന്‍സിപ്പാളാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്ന് വീഡിയോയിലൂടെ തിരിച്ചറിഞ്ഞതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഡിസംബര്‍ 2017നാണ് കുട്ടികള്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായത്. എന്നാല്‍ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ഇന്‍റര്‍നെറ്റില്‍ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ അന്വേഷണം നടത്തിയ പൊലീസ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. ബാലാവകാശ പ്രവര്‍ത്തകയായ അചുത്യ റാവുവിന്‍റെ പരാതിയിലാണ് പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തത്. എന്നാല്‍ സ്കൂള്‍ അധികൃതരോ, കുട്ടികളുടെ രക്ഷിതാക്കളോ ഇതുവരെ പരാതിയുമായി എത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

അതേസമയം കുട്ടികളെ ചൂരലുപയോഗിച്ച് മര്‍ദ്ദിച്ചതായി പ്രിന്‍സിപ്പാള്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പരീക്ഷ അടുത്തിരുക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ അച്ചടക്കം പടിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് അവര്‍ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.