ഇടുക്കി: വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയ നാടിനും ജനങ്ങള്‍ക്കും എങ്ങനെ ഉപകാരപ്രദമാക്കാം എന്ന് തെളിയിച്ച് ഇടുക്കി ജില്ലയിലെ പാറത്തോട്ടില്‍ ഒരു കൂട്ടം യുവാക്കള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി 'നമ്മുടെ പാറത്തോട്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്നായി മാത്രം സമാഹരിച്ചത് രണ്ട് ലക്ഷത്തില്‍പരം രൂപ. ഇനിയും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുരംഗത്തും ജീവകാരുണ്യരംഗത്തും സജീവമാകാനാണ് ഈ കൂട്ടായ്മയുടെ തീരുമാനം. 

2015 ഏപ്രില്‍ മാസം ജോബി മനയത്തുകുടി പ്രധാന അഡ്മിനായും വിവീഷ് മാങ്കുഴ, ഷാജി റിഥം, ജോഷി കാരക്കുന്നേല്‍, സോണി എളുപ്പറമ്പില്‍, ബിജോ നെടുങ്ങാട്ട്, ജീനിയസ് മാത്യു തുടങ്ങി അമ്പതോളം യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഈ വാട്‌സപ്പ് ഗ്രൂപ്പ്. ഇപ്പോള്‍ 240 ഓളം യുവാക്കള്‍ സജീവമായി ഈ ഗ്രൂപ്പില്‍ ഉണ്ട്. 

വിദ്യാര്‍ത്ഥിയുടെ മജ്ജ മാറ്റിവെക്കല്‍ ശാസ്ത്രക്രിയയ്ക്ക് വേണ്ടി ഗ്രൂപ്പിലുള്ളവരില്‍ നിന്ന് മാത്രം ധന സമാഹരണത്തിന് വേണ്ടി ആവശ്യപ്പെടുകയായിരുന്നു. ഏകദേശം പതിനായിരം രൂപയായിരുന്നു പ്രതീക്ഷിച്ചത് എന്നാല്‍ എല്ലാവരുടെയും നല്ലമനസിന്റെയും സഹകരണത്തിന്റെയും ഫലമായി രണ്ടുലക്ഷത്തില്‍പരം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.