തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് അടുത്ത അധ്യയന വര്‍ഷം മുതല്‍ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍. യൂണിഫോം അടിക്കടി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണു നടപടി.

യൂണിഫോമിന്റെ പേരില്‍ അനാവശ്യച്ചെലവ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നുകാട്ടി വ്യാപക പരാതിയാണു ബാലാവകാശ കമ്മിഷന് ലഭിച്ചത്. വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നതു തടയണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. ഒപ്പം വര്‍ഷാവര്‍ഷം യൂണിഫോം മാറ്റുന്നതിനു നിയന്ത്രണം വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

ഇത് പരിഗണിച്ച് രണ്ട് മാസം മുമ്പാണു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു കമ്മീഷന്‍ നോട്ടിസയച്ചത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ യൂണിഫോം മാറ്റാവൂ എന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വ്യത്യസ്ത യൂണിഫോം രീതി നിര്‍ത്തണം. നിലവാരമുളള തുണികള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും അടങ്ങുന്ന കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് മാത്രമേ യൂണിഫോം മാറ്റാവൂ. യൂണിഫോം വിതരണോദ്ഘാടന പരിപാടിയില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.