തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ പ്രൗഢഗംഭീരമായ തുടക്കം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നിയമസഭാ സ്പീക്കര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന വേദിയായ നീര്‍മാതളത്തില്‍ സ്പീക്കര്‍ക്കൊപ്പം ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും കലാകാരന്മാരും ചേര്‍ന്ന് കലോത്സവ തിരി തെളിയിച്ചു. കലോത്സവം കഴിഞ്ഞ് പോകുന്ന പ്രതിഭകളെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കാന്‍ ഒരു പ്രതിഭാ ബാങ്ക് തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന സ്പീക്കര്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഉദ്ഘാടകനാവുകയായിരുന്നു. കലോത്സവം ഒഴിവാക്കി സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് മുഖ്യമന്ത്രി. സമ്മേളനത്തിന് ഇടവേള നല്‍കി മുഖ്യമന്ത്രിയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സംഘാടകര്‍ നിരാശരായി. മുഖ്യമന്ത്രിക്കെതിരെ പ്രധാന വേദിക്ക് മുന്നില്‍ പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ഉദ്ഘാടന ചടങ്ങോടെ 22 വേദികളില്‍ മത്സരങ്ങള്‍ തുടങ്ങി. പ്രധാന വേദിയില്‍ നിശ്ചയിച്ചതിലും ഒരു മണിക്കൂറിലധികം വൈകിയാണ് മോഹിനിയാട്ട മത്സരം തുടങ്ങിയത്. നൃത്ത ഇനങ്ങള്‍ക്കൊപ്പം വാദ്യോപകരണ മത്സരങ്ങളും വേദികളില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോത്സവത്തിന് അരങ്ങുണരുന്നത്. പകരം, തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അരങ്ങേറി. അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന സ്‌കൂള്‍ കലോത്സവത്തിന് സാംസ്‌കാരിക നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്നു മുതല്‍ 10 പത്തുവരെ അഞ്ചു ദിവസമാണ് കലോത്സവം. 2008നു ശേഷം ആദ്യമായി പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്. തേക്കിന്‍കാട്ടില്‍ പ്രധാനവേദിയും മറ്റൊരു വേദിയുമുള്‍പ്പെടെ രണ്ടും, മോഡല്‍ ബോയ്സ്, ഗേള്‍സ്, സേക്രഡ്ഹാര്‍ട്ട്, ഹോളിഫാമിലി, സെന്റ് ക്ളയേഴ്സ്, സിഎംഎസ്, വിവേകോദയം, കാല്‍ഡിയന്‍ സ്‌കൂളുകള്‍ എന്നിവയും സാഹിത്യ അക്കാദമി, ടൗണ്‍ഹാള്‍, ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്‍വശം, മുണ്ടശേരി ഹാള്‍, ബാലഭവന്‍ ഹാള്‍, രാമവര്‍മ്മപുരം പൊലീസ് അക്കാദമി എന്നിവിടങ്ങളിലാണ് വേദികള്‍. നേരത്തെ ലഭ്യമാകാതിരുന്ന റീജ്യണല്‍ തീയേറ്ററും ഇപ്പോള്‍ വേദിക്കായി അനുവദിച്ചു. ഇതടക്കം 25 വേദികളിലായി 234 ഇനങ്ങളില്‍ 8954 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മത്സരാര്‍ഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന.
കര്‍ശനമായി ഗ്രീന്‍ പ്രോട്ടോകോള്‍ പിന്തുടരുന്ന കലോത്സവനഗരിയില്‍ ഇത്തവണ എല്ലാം ഹരിതാഭമാണ്. വെള്ളപ്പാത്രം, സഞ്ചികള്‍, ബാഡ്ജുകള്‍ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. കലോത്സവത്തിലെ നറുക്കെടുപ്പില്‍ പോലും ഇക്കുറി വ്യത്യസ്തത കണ്ടെത്താന്‍ ശ്രമിക്കുകയാണ് സംഘാടകര്‍. പ്ലാസ്റ്റിക്, പേപ്പര്‍ ലോട്ടുകള്‍ക്ക് പകരം ഇത്തവണ നറുക്കെടുപ്പ് പയറുമണി ഉപയോഗിച്ചാണ്. വെട്ടിയൊതുക്കിയ മുളനാഴിയില്‍ നിന്നാണ് കുട്ടികള്‍ ലോട്ടെടുക്കേണ്ടത്. പെയിന്റടിച്ചു നമ്പര്‍ എഴുതിയ പയറുമണികള്‍ മുതല്‍ ഒരോ വേദിയിലേക്കും അവശ്യമുള്ളതെല്ലാം ഇവിടെ സജ്ജം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാര്‍ഥികള്‍ക്കു താമസം ഒരുക്കിയിട്ടുള്ളത്. ഭക്ഷണം നല്‍കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ചെലവ് ഇത്തവണ ഒന്നരക്കോടി കടക്കുമെന്നാണു സൂചന. അപ്പീലിലൂടെ എത്തുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം കൂടി മുന്നില്‍കണ്ടാണ് എല്ലാ ഒരുക്കവും.

