സംസ്ഥാന സ്കൂൾ കലോത്സവം ക്രിസ്‍മസ് അവധിക്കാലത്ത് നടത്താൻ ആലോചന. മേളക്കായി പഠനദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത്. അവധിക്കാല മേളക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു
മേളകൾ വിദ്യാഭ്യാസ കലണ്ടറിന്റെ താളം തെറ്റിക്കുന്നുവെന്ന തിരിച്ചറിവാണ് അവധിക്കാലമേളയെന്ന ആശയത്തിന് കാരണം. ജനുവരി രണ്ടാം വാരം മുതൽ അവസാനം വാരം വരെ നീളുന്ന സംസ്ഥാന സ്കൂൾ കലാമേളയെന്ന പതിവാണ് മാറുന്നത്. ഡിസംബർ 26 മുതൽ ജനുവരി 1 വരെ കലോത്സവം നടത്താനാണ് നീക്കം. നഷ്ടമാകുന്നത് ജനുവരി ഒന്നിലെ പ്രവൃത്തി ദിവസം മാത്രം. വിജയികൾക്ക് സമ്മാനങ്ങൾ നൽകി പുതുവർഷത്തിന് തുടക്കമാകും. ഒന്നിന് മേള തീർന്നാൽ ജനുവരി, ഫെബ്രുവരി മാസങ്ങൾ മുഴുവനായും പഠനത്തിനായി ഉപയോഗിക്കാം. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും നടത്തിപ്പ് ചുമതലയുള്ള അധ്യാപകർക്കും ജനുവരി ഒന്ന് മുതൽ തിരിച്ച് സ്കൂളിലെത്താം. വാർഷികപരീക്ഷക്ക് മുമ്പ് അവസാന പാദത്തിൽ കൂടുതൽ പ്രവൃത്തിദിവസം കിട്ടും. ജില്ലാ മേളകൾ ക്രിസ്മസ് പരീക്ഷക്ക് മുമ്പായിരിക്കും. അവധി നഷ്ടപ്പെടുത്തുമെന്ന വിമർശനം ഉയരാനിടയുണ്ടെങ്കിലും അവധിയെക്കാൾ പ്രധാനം പഠനം തന്നെയല്ലേ എന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ മറുചോദ്യം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ നിർദ്ദേശം വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാൽ തൃശൂരിൽ ഈ ക്രിസ്മസ് അവധിക്കാലത്ത് പുതുചരിത്രവുമായി മേളക്ക് കൊടിയുയരും.
