പ്രളയക്കെടുതിയെ തുടര്‍ന്ന് ചെലവ് ചുരുക്കാന്‍ കലോത്സവങ്ങള്‍ നടത്തേണ്ടെന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ തീരുമാനത്തില്‍ മാറ്റം. കലോത്സവങ്ങൾ ആഘോഷം ഇല്ലാതെ നടത്താന്‍ തീരുമാനമായി.
തിരുവനന്തപുരം: ആർഭാടങ്ങളില്ലാതെ സ്കൂൾ കലാ കായിക, ശാസ്ത്ര മേളകൾ നടത്തും. ഇതിനായി കലോത്സവ മാന്വൽ പരിഷ്ക്കരിക്കും. പ്രളയത്തിൻറെ പശ്ചാത്തലത്തിൽ മേളകളെല്ലാം ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ റദ്ദാക്കി. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സാംസ്ക്കാരിക പ്രവർത്തകരുമായും ആലോചിച്ചാണ് തീരുമാനമെടുത്തത്.
പല തരത്തിലുള്ള ബദൽ നിർദ്ദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. എൽപി-യുപി തലങ്ങളിൽ മേള ഒഴിവാക്കിയേക്കും. ഘോഷയാത്രയും സ്റ്റേജിലെ ആർഭാടങ്ങളുമെല്ലാം കുറക്കും.സ്കൂൾ, സബ് ജില്ലാ, ജില്ലാ തലങ്ങളിൽ പ്രത്യേക സ്റ്റേജുകൾക്ക് പകരം സ്കൂളിലെ ഓഡിറ്റോറിയങ്ങൾ വേദിയാക്കും. സർക്കാറിൽ നിന്നുള്ള ഫണ്ട് പരമാവധി കുറച്ച് സ്പോൺസർമാരെ കണ്ടെത്താനും ശ്രമിക്കും.
സംസ്ഥാന സ്കൂൾ കലോത്സവം വാർഷിക പരീക്ഷക്ക് ശേഷം ഏപ്രിലിൽ നടത്തിയാലോ എന്ന ആലോചനയും ഉണ്ട്. പ്രളയം വലിയ ദുരന്തം ഉണ്ടാക്കിയ സാഹചര്യത്തിൽ ആലപ്പുഴയിൽ നിന്നും സംസ്ഥാന സ്കൂൾ കലോത്സവും മാറ്റണോഎന്നതിലും മാന്വൽ പരിഷ്ക്കരണ സമിതി അന്തിമതീരുമാനമെടുക്കും. ഡെലിഗേറ്റ് പാസിനുള്ള തുക കൂട്ടി അന്താരാഷ്ട്രാ ചലച്ചിത്ര മേളയും നടത്തണമെന്ന നിർദ്ദേശമുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
