മലപ്പുറം ജില്ലയില്‍ മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു. വില കൂടിയ മയക്കുമരുന്നുകളടക്കമുള്ളവയുടെ വിപണിയായി മലപ്പുറം മാറിയിരിക്കുന്നുവെന്ന സുചനയാണ് പൊലീസ് നല്‍കുന്നത്

കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ പിടികൂടുന്നത് നിത്യസംഭവമായിരിക്കുന്നതിന് ഇടയിലാണ് കഴിഞ്ഞ ദിവസം എല്‍.എസ്.ഡിയുമായി ഒരു യുവാവ് മലപ്പുറത്ത് പിടിയിലാകുന്നത്. മലപ്പുറം ജില്ലയിലെ സ്കുള്‍ കോളെജ് കുട്ടികള്‍ക്ക് വില്‍പ്പന നടത്തുന്നതിനാണ് എല്‍.എസ്.ഡി കൊണ്ടുവന്നതെന്ന് പിടിയിലായ വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശിയായ മുഹമ്മദ് സാദിഖ് പൊലീസിനോട് പറഞ്ഞിരുന്നു.

സ്റ്റിക്കറിന്റെയും സ്റ്റാമ്പിന്റെയും രുപത്തിലുള്ള എല്‍.എസ്.ഡി നാക്കിനടിയില്‍ വച്ചാണ് ഉപയോഗിക്കുന്നത്. ഒരു സ്റ്റാമ്പിന് ഗോവയില്‍ 800 രുപയോളം വിലയുണ്ട്. ഇവിടെ 3000 രുപക്കാണ് വില്‍ക്കുന്നത്. എല്‍.എസ്.ഡി പോലുള്ള മയക്കുമരുന്ന് മലപ്പുറത്ത് ആദ്യമായാണ് പിടികൂടുന്നത്. പൊലീസ് ഇക്കാര്യം ഗൗരവമായി എടുത്തു തന്നെയാണ് അന്വേഷണം മുന്നോട്ടു നീക്കുന്നത്.