Asianet News MalayalamAsianet News Malayalam

മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന് സ്കൂളിലേക്ക്

Schools put up a good show
Author
Thiruvananthapuram, First Published Jun 1, 2016, 3:05 AM IST

പ്രവേശനോത്സവ പരിപാടികള്‍ ആഘോഷമാക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. 3,10,000 വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുളളത്. കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ 5000 വിദ്യാര്‍ഥികള്‍ അധികമായി ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. 

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 3,05,000 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ഈ വര്‍ഷം 5000 വിദ്യാര്‍ഥികളുടെ വര്‍ധനയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരത്തെ പട്ടം സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് ചടങ്ങില്‍ മുഖ്യാതിഥിയാകും. 

ഏറെ പ്രതീക്ഷകളും ഒപ്പം ആശങ്കകളുമായാണ് പുതിയൊരു അധ്യയനവർഷം തുടങ്ങുന്നത്. കുട്ടികളെ വരവേൽക്കാനായി സ്കൂളുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. പുസ്തങ്ങളുടെ അച്ചടി പൂർത്തിയായതിന്‍റെ ആശ്വാസത്തോടെയാണ് കുട്ടികൾ സ്കൂളുകളിലേക്കെത്തുന്നത്. 

സ്കൂളുകൾ കൂട്ടത്തോടെ പൂട്ടാനൊരുങ്ങുന്നതിന്‍റെ ആശങ്കയിലാണ് അധ്യയനവർഷത്തിന്‍റെ തുടക്കം. പൂട്ടാനായി 25 സ്കൂളുകളുടെ അപേക്ഷകളാണ് സർക്കാറിന് മുന്‍പിലുള്ളത്. കെഇആറിൽ മാനേജർമാർക്ക് അനുകൂലമായുള്ള വ്യവസ്ഥ മറികടക്കലാണ് പുതിയ വിദ്യാഭ്യാസമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. അധ്യാപകരുടെ തസ്തിക നിർണ്ണയമാണ് മറ്റൊരു പ്രശ്നം. 

11 ജില്ലകളിലെ കണക്ക് വന്നപ്പോൾ 2017 അധ്യാപകരെയാണ് അധികമായി കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ കാര്യത്തിൽ നയപരമായ തീരുമാനം വരേണ്ടതുണ്ട്. സർക്കാർ സ്കൂളുകളിലേക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിനുള്ള പണം അനുവദിച്ചുതുടങ്ങി. എയ്ഡഡിൽ ഇത്തവണയും വേണോ എന്നതിലും പുതിയ സർക്കാർ തീരുമാനമെടുക്കണം.

അതേ സമയം സ്കൂള്‍ തുറക്കുമ്പോഴേക്കും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന ഉറപ്പ് ഒരു പരിധി വരെയെങ്കിലും പാലിക്കാനായതിൻറെ സന്തോഷത്തിലാണ് കേരള ബുക്സ് ആന്‍റ് പബ്ലിഷിംഗ് സൊസൈറ്റി. അച്ചടികടലാസിനുളള  തുക ധനവകുപ്പില്‍ നിന്ന് യഥാസമയത്ത് കിട്ടിയിരുന്നെങ്കില്‍ ഇതിലും നേരത്തെ പണി പൂര്ത്തിയാക്കാമായിരുന്നുവെന്നാണ്  ജീവനക്കാരുടെ വിലയിരുത്തല്‍

കഴിഞ്ഞ അധ്യയനവര്‍ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാൻ വൈകിയതിൻറെ പേരില്‍ കെബിപിഎസും സര്‍ക്കാരും ഏറെ പഴി കേട്ടിരുന്നു. ഇത്തവണ അതൊഴിവാക്കാൻ കഴിഞ്ഞ നവംബറില്‍ തന്നെ കെബിപിഎസ് അച്ചടി തുടങ്ങി. ഹൈസ്കൂളില്‍ പുതിയ സിലബസ് ആയതിനാല്‍ 8,9,10 ക്ലാസുകളിലെ പുസ്തകങ്ങളാണ് ആദ്യം അച്ചടി തുടങ്ങിയത്.

അതുകൊണ്ടുതന്നെ മെയ് അവസാനത്തോടെ ഐടി ഒഴികെയുളള പുസ്തകങ്ങള്ർ അച്ചടി പൂര്‍ത്തിയാക്കി സ്കൂളുകളില്‍ വിതരണം ചെയ്യാൻ കഴിഞ്ഞു. ഒന്നു മുതല്‍ 7 വരെയുളള ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കന്‍ മൂന്നു ഷിഫ്റ്റുകളിലായി രാപകലില്ലാതെ പ്രയത്നിക്കുകയാണ് കെബിപിഎസിലെ ജീവനക്കാര്‍. 2കോടി 88 ലക്ഷം പുസ്തകങ്ങളില്‍ 95 ശതമാനം അച്ചടി തീര്‍ന്നു.

വിമര്‍ശനങ്ങളും വിവാദങ്ങളും ഒഴിവാക്കി ഈ അധ്യയനവര്‍ഷത്തേക്കുളള മുഴുവൻ പാഠപുസ്തകങ്ങളുടെയും അച്ചടിയും വിതരണവും ജൂണ്‍ 15 നകം പൂര്‍ത്തിയാക്കാമെന്ന ആത്മവിശ്വാസത്തിലാണ് കെബിപിഎസ്.
 

Follow Us:
Download App:
  • android
  • ios