ദില്ലി: ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ സ്‌കോര്‍പീന്‍ വിഭാഗത്തില്‍പെട്ട മൂന്നാമത്തെ അന്തര്‍വാഹിനി "കരഞ്ജ്' നീറ്റിലിറക്കി. മുംബൈയിലെ മാസഗണ്‍ ഡോക് ലിമിറ്റഡ് കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച കരഞ്ജ്, നാവികസേനാ ചീഫ് അഡ്മിറല്‍ സുനില്‍ ലാമ്പയുടെ ഭാര്യ റീന ലാമ്പയാണ് നീറ്റിലിറക്കിയത്.

നിരവധി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ കരഞ്ജ് കമ്മീഷന്‍ ചെയ്ത് സേനയുടെ ഭാഗമായി മാറുകയുള്ളൂ. മുംബൈ കപ്പല്‍ശാലയില്‍ നിര്‍മ്മിക്കുന്ന ആറാമത്തെ അന്തര്‍വാഹിനിയാണ് കരഞ്ജ്. ഫ്രഞ്ച് കപ്പല്‍നിര്‍മ്മാതാക്കളായ നേവല്‍ ഗ്രൂപ്പുമായി ചേര്‍ന്നായിരുന്നു കരഞ്ജിന്റെ നിര്‍മ്മാണം. സ്‌കോര്‍പീന്‍ വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കല്‍വരി കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കമ്മീഷന്‍ ചെയ്തത്.