കൂടുതല്‍ എസ്ഡിപിഐ നേതാക്കള്‍ കരുതല്‍ തടങ്കലില്‍. 

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ എസ്ഡിപിഐ നേതാക്കള്‍ കരുതല്‍ തടങ്കലില്‍. എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്‍റ് ഫറൂഖ്, സെക്രട്ടറി ഷൗക്കത്ത്, ജനറല്‍ സെക്രട്ടറി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്‍. എറണാകുളം റൂറല്‍ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ നൂറോളം എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, അഭിമന്യുവിനെ കൊന്നത് 15 അംഗ സംഘമെന്ന് എഫ്ഐആറില്‍ പറയുന്നു‍. അതില്‍ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവർ. കൊല നടത്തിയത് കറുത്ത ഫുൾകൈ ഷർട്ടിട്ട പൊക്കം കുറഞ്ഞയാൾ. ആക്രമി സംഘം രണ്ട് തവണ ക്യാമ്പസ്‌ പരിസരത്ത് എത്തി. എഫ്ഐആറിലെ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

15 പ്രതികളിൽ രണ്ട് മുഹമ്മദുമാർ ഉണ്ടെന്നും പൊലീസ് പറയുന്നു. ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണ്. കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. 

അതേസമയം കേസില്‍ ആറ് പേരെ കൂടി പൊലീസ് ഇന്ന്കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു. ഇന്നലെ പിടിയിലായ രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയിരുന്നു. നവാസ്, ജഫ്രി എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.