വെല്ലിംങ്ടണ്‍: പരിക്കുപറ്റി റോഡ് സൈഡില്‍ വീണുകിടുന്ന കടല്‍കൊക്കിനെ രക്ഷിക്കാന്‍ ശ്രമിച്ചയാളെ കൊക്ക് തിരിച്ചുകൊത്തുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ന്യൂസിലാന്‍ഡിലാണ് സംഭവം. ഒരു ചിറകൊടിഞ്ഞ് കിടക്കുന്ന കടല്‍കൊക്കിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു റോബര്‍ട്ട് തഹു. 

ഇതിനിടെ കൊക്കിനെ വെളള ടീഷര്‍ട്ടില്‍ പൊതിഞ്ഞ് കയ്യില്‍ പിടിച്ചുകൊണ്ട് തന്‍റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കായി ലൈവ് നല്‍കുകയായിരുന്നു റോബര്‍ട്ട്. പക്ഷിക്ക് എന്താണ് പറ്റിയതെന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇത് റോബര്‍ട്ടിന്‍റെ മുഖത്ത് കൊത്തി. എന്നാല്‍ രക്ഷിച്ച മനുഷ്യനെ കൊത്തുന്ന കടല്‍കൊക്കിന്‍റെ വീഡിയോ വൈറലായി. 

പക്ഷിയെ മൃഗാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും സമയം വൈകിയിരുന്നു എന്നും തിരിച്ച് വീട്ടില്‍ കൊണ്ടുവന്ന് ഭക്ഷണം നല്‍കി ഒരു ബോക്സില്‍ പുതപ്പിച്ച് കിടത്തിയെന്നും റോബര്‍ട്ട് പറയുന്നു. എന്നാല്‍ രാവിലെ ആയപ്പോളേക്കും പക്ഷി ചത്തിരുന്നു. ജീവന്‍ രക്ഷിക്കാനായില്ലെങ്കിലും കടല്‍കൊക്കിന് നല്ല രീതിയിലുള്ള ഒരു ശവസംസ്ക്കാരം നടത്താനാണ് റോബര്‍ട്ടിന്‍റെ തീരുമാനം.