ഒരു മലയാളി ഉൾപെടെ രണ്ടു  ഇന്ത്യക്കാരെയാണ് വെള്ളിയാഴ്ച വൈകുന്നേരം മുതൽ  കാണാതായത്.

സലാല: സലാലയിലെ മെകുനു ചുഴലിക്കാറ്റില്‍ കാണാതായവരിൽ മലയാളിയും. കണ്ണൂർ തലശ്ശേരി സ്വദേശി മധുവിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. കനത്ത മഴയിൽ ഒഴുക്കില്‍പെട്ട് കാണാതായ ബിഹാര്‍ സ്വദേശിയുടെ മൃതദേഹം കിട്ടി. ദോഹാര്‍ ഗവർണറേറ്റിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയാണ്.

ഒരു മലയാളി ഉൾപെടെ രണ്ടു ഇന്ത്യക്കാരെയാണ് വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാണാതായത്. കാണാതായവരിൽ, ബിഹാർ സ്വദേശി ഷംസീറിന്റെ (30) മൃതശരീരം "ഹാഫ" കടപ്പുറത്തു നിന്നും ഇന്ന് രാവിലെ കണ്ടുകിട്ടി. സലാലയിലെ റൈസൂത്തിൽ രൂപപെട്ട ഒരു വാദിയിൽ, ഇരുവരും അപകടത്തിൽ പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാണാതായ മലയാളി കണ്ണൂർ തലശ്ശേരി പാലയാട് സ്വദേശി മധു ചേലത്തിനായുള്ള തിരച്ചിൽ റോയൽ ഒമാൻ പോലീസും കോസ്റ്റൽ ഗുർഡും ഊർജിതമാക്കിയിട്ടുണ്ട്. എന്നാ, ഇന്ന് വൈകുന്നേരത്തോടുകൂടി ഒരു ഇന്ത്യൻ വംശജന്റെ മൃതശരീരം കണ്ടു കിട്ടിയതായി എംബസി വൃത്തങ്ങൾ സ്ഥിരീകരിച്ചു. മൃതശരീരം തിരിച്ചറിയാൻ സാധിക്കാത്തതിനാൽ, വിരലടയാള പരിശോധനക്കായി അയച്ചിരിക്കുകയാണെന്നും സലാല ഇന്ത്യൻ എംബസ്സി കൗൺസിലർ മൻപ്രീത് സിങ് പറഞ്ഞു. "സദാ" മിലിറ്ററി ആശുപ്രത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ബിഹാർ സ്വദേശി ഷംസീറിന്റെ മൃത ശരീരം സ്വദേശത്തേക്കു അയക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു വെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.