കോഴിക്കോട്: വടകരയില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടറെ വെടിവെച്ച് കൊന്ന ജവാനുവേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. കഴി‌ഞ്ഞദിവസം രാത്രി10.30ഓടെയാണ് വടകര ബിഎസ്എഫ് ക്യാംപിലെ ഇന്‍സ്‌പെക്ടര്‍ രാംഗോപാല്‍ മീണ വെടിയേറ്റ് മരിച്ചത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഉമേഷ് പാല്‍ പെട്ടെന്നുണ്ടായ പ്രകോപനത്താല്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവം നടന്നയുടന്‍ ഉമേഷ് പാല്‍ ക്യാംപില്‍നിന്ന് രക്ഷപ്പെട്ടു. ഇതുവഴി കടന്നുപോയ ലോറിയില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടനാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സി ഐ മാരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി ഇയാള്‍ക്കായുളള തെരച്ചില്‍ തുടരുന്നത്. വടകര ഡിവൈഎസ്‌പിയാണ് അന്വേവഷണം ഏകോപിപ്പിക്കുന്നത്. അതിര്‍ത്തി കടന്ന് ഉമേഷ് പാല്‍ കടന്നുകളഞ്ഞെന്നും പൊലീസ് സംശയിക്കുന്നു.

ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉമേഷ് ലാലിന്റേതെന്ന് കരുതുന്ന യൂണിഫോമിന്റെറ ഭാഗങ്ങള്‍ ക്യാംപിന് സമീപത്തു നിന്ന് പൊലീസിന് കിട്ടി. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് വെടിവെപ്പിലെത്തിയതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് അന്വഷണം തുടങ്ങിയതായി ബിഎസ്എഫ് ഉദ്യോഗസ്ഥരും അറിയിച്ചു.