കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ അനധികൃത താമസക്കാര്‍ക്കായി കുവൈത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. 16,000ത്തോളം ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

ആഭ്യന്തരമന്ത്രാലയത്തിലെ രേഖകളനുസരിച്ച് കുവൈത്തില്‍ 1,54,000 അനധികൃത താമസക്കാരുണ്ടായിരുന്നു. ഇതില്‍ 50,000ത്തോളം പേര്‍ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ശേഷിക്കുന്നവര്‍ക്കായി അധികൃതര്‍ തിരച്ചില്‍ ശക്തമാക്കി. പരിശോധനയില്‍ പിടിയിലാകുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിരലടയാളം പതിച്ച് പിന്നീടൊരിക്കലും രാജ്യത്ത് വരാനാകാത്തവിധം നാട് കടത്താനാണ് തീരുമാനം. ഇനി അടുത്ത കാലത്തൊന്നും പൊതുമാപ്പ് പ്രതീക്ഷിക്കേണ്ടതില്ലെന്നും അധികൃതര്‍ സൂചന നല്‍കി.

ഇന്ത്യന്‍ എംബസിയിലെ കണക്കുകളനുസരിച്ച് 11,000 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളാണ് പൊതുമാപ്പ് കാലയളവില്‍ അനുവദിച്ചത്. രാജ്യത്ത് 30,000ത്തോളം ഇന്ത്യക്കാരാണ് നിയമം മറികടന്ന് താമസിച്ചിരുന്നത്. അവരില്‍ പകുതിയിലധികവും രാജ്യത്ത് തുടരുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കായി സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖാപിച്ചത്. ജനുവരി 29ന് ഒരു മാസത്തേക്കാണ് പൊതുമാപ്പ് അനുവദിച്ചതെങ്കിലും പിന്നീടത് ഈ മാസം 22 വരെ നീട്ടുകയായിരുന്നു.