കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ പിന്തുണച്ച് മുന്‍ എംപിയും ഇടത് സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോള്‍. ഒന്നാം പ്രതി സുനില്‍ കുമാര്‍ തന്നെ ആസൂത്രണം ചെയ്തതാകും കുറ്റകൃത്യമെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. യേശുക്രിസ്തുവിന്റെയും അബ്ദുള്‍ നാസര്‍ മദനിയുടെയും തടവുജീവിതം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് സെബാസ്റ്റ്യന്‍ പോള്‍ ദിലീപിനെ ന്യായീകരിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.

സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങളുണ്ടാകണം എന്ന തലക്കെട്ടിലാണ് ഇടത് സഹയാത്രികനായ സെബാസ്റ്റ്യന്‍ പോള്‍ അദ്ദേഹം തന്നെ ചീഫ് എഡിറ്ററായ വെബ് പോര്‍ട്ടലില്‍ ലേഖനം എഴുതിയിരിക്കുന്നത്. ദിലീപിന് വേണ്ടി സംസാരിക്കുന്നവര്‍ക്കൊപ്പം താനും ചേരുകയാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. ആക്രമിക്കപ്പെട്ടവള്‍ നേരിട്ട് ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ട്. അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. 

കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി തന്നെ നേരിട്ട് നടത്തിയതാകണം. അതിന് അയാള്‍ക്ക് പ്രാപ്തിയുണ്ട്. അതുകൊണ്ട് സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ഫലമുണ്ടായി. കടിഞ്ഞാണില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ദിലീപിന് വേണ്ടി സംസാരിക്കേണ്ടത് അതാവശ്യമുണ്ട്. 

പൊലീസ് പറയുന്നത് വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് ഭരണഘടന നല്‍കുന്നുണ്ടെന്നും എന്നാല്‍ ജഡ്ജിമാര്‍ ഇത് അവഗണിക്കുന്നു എന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തുന്നു. തടവുകാരനായിരുന്ന യേശുവില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും തടവുകാരെ സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യണം എന്നത് ആ തടവുകാരന്റെ നിര്‍ദേശമാണ് എന്നും യേശു പറയുന്നു. സംവിധായകന്‍ വിനയനിലും ആത്മീയതയുടെ ഈ വെളിച്ചമുണ്ടാകണമെന്നാവശ്യപ്പെടുന്ന സെബാസറ്റിയന്‍ പോള്‍ ജയറാമിലും ഗണേഷ്‌കുമാറിലും ഈ വെളിച്ചം കാണുന്നുണ്ട് എന്നും പറയുന്നു. 

തന്റെ ഈ അഭിപ്രായപ്രകടനം ഉപകാരസ്മരണയോ പ്രത്യുപകാരമോ അല്ല എന്നും സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ ഇത് സെബാസ്റ്റ്യന്‍ പോളിന്റെ മാത്രം അഭിപ്രായമാണെന്ന് വ്യക്തമാക്കി വെബ് പോര്‍ട്ടലിലെ മറ്റ് ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.