കണ്ണൂര്‍ ഇരിട്ടിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. അച്ഛനെ അക്രമിക്കാന്‍ എത്തിയവരാണ് കുട്ടിയെ അക്രമിച്ചത്. വൈകുന്നേരം ഏഴു മണിയോടെയായിരുന്നു സംഭവം. ഇരിട്ടി സ്വദേശിയായ രാഹുലിന്റെ മകന്‍ കാര്‍ത്തികിനാണ് വെട്ടേറ്റത്. സംഭവം രാഷ്‌ട്രീയ അക്രമമല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാഹുലിനെ അക്രമിക്കാനായി വീട്ടിലെത്തിയ ഒരു സംഘം അക്രമം നടത്തുന്നതിനിടെ മകനും വെട്ടേല്‍ക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നും രാഹുലിന്റെ ഭാര്യാ സഹോദരനും അക്രമി സംഘത്തിലുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് രാഹുല്‍. കൈക്ക് പരിക്കേറ്റ കാര്‍ത്തികിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.