കൂലി വർദ്ധിപ്പിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തോട്ടം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തത്. തൊഴിലാളികൾ പണിക്കിറങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിൽ തേയില വണ്ടികൾ കയ്യടക്കാറുള്ള മൂന്നാറിലെ നിരത്തുകളും കാലിയായി.
ഇടുക്കി: സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച 48 മണിക്കൂർ ദേശീയ പണിമുടക്കിൽ ഇടുക്കിയിലെ തോട്ടം മേഖലയും നിശ്ചലമായി. ഒരു ലക്ഷത്തോളം തൊഴിലാളികൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ജോലിയ്ക്ക് എത്തിയില്ല. കൂലി വർദ്ധിപ്പിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തോട്ടം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തത്. തൊഴിലാളികൾ പണിക്കിറങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിൽ തേയില വണ്ടികൾ കയ്യടക്കാറുള്ള മൂന്നാറിലെ നിരത്തുകളും കാലിയായി.
ജില്ലയിലെ തേയില, കാപ്പി, ഏലം, റബ്ബർ തോട്ടങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഒരു വിഭാഗം ജീപ്പ് ഡ്രൈവർമാരും പണിമുടക്കിൽ പങ്കെടുത്തതോടെ തമിഴ്നാട്ടിൽ നിന്നുള്ള താത്കാലിക തൊഴിലാളികൾക്ക് രണ്ട് ദിവസത്തെ തൊഴിൽ നഷ്ടമായി. പണിമുടക്കിൽ പങ്കെടുക്കാത്തവരെ പണിയ്ക്കിറങ്ങിറങ്ങുന്നതിൽ വിലക്കിയില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ അവകാശപ്പെട്ടു.
വേതന വർദ്ധന ഉടൻ നടപ്പാക്കണം എന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. പൊമ്പിള ഒരുമൈ സമരത്തിന് ശേഷം കൂലി വർദ്ധിപ്പിച്ചിരുന്നു. അത് കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും പിന്നീട് വർദ്ധന വരുത്തിയിട്ടില്ല. ശമ്പളം കൂട്ടാനായി പിഎൽസി യോഗം നിരന്തരം ചേരുന്നുണ്ടെങ്കിലും കൂലിയുടെ കാര്യത്തിൽ തീരുമാനം ആകുന്നില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ അനൂകൂല തീരുമാനം ഉടൻ വന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരങ്ങളിലേക്ക് കടക്കാനാണ് തോട്ടം തൊഴിലാളികളുടെ തീരുമാനം.
