Asianet News MalayalamAsianet News Malayalam

ശബരിമലയെച്ചൊല്ലി നാടകീയരംഗങ്ങളും പ്രതിഷേധവും; നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

'ശബരിമലയെച്ചൊല്ലിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി മുക്കാൽ മണിക്കൂർ എടുത്തെന്ന് പ്രതിപക്ഷനേതാവ്.' 'മറുപടി പറയാൻ തനിയ്ക്ക് ആരോഗ്യമുണ്ടെ'ന്ന് മുഖ്യമന്ത്രി. 'മുഖ്യമന്ത്രിയുടെ ആരോഗ്യം പറയാനുള്ള സ്ഥലമല്ല നിയമസഭ'യെന്ന് തിരിച്ചടിച്ച് പ്രതിപക്ഷനേതാവ്. സ്പീക്കറുടെ ഇരിപ്പിടത്തിലേയ്ക്ക് ഇടിച്ചു കയറാൻ പ്രതിപക്ഷാംഗങ്ങൾ ശ്രമിച്ചതോടെ സഭയിൽ നാടകീയരംഗങ്ങളായി.

second day of niyamasabha full of drama over sabarimala
Author
Kerala Legislative Assembly, First Published Nov 28, 2018, 3:06 PM IST

തിരുവനന്തപുരം: ശബരിമല സമരം നിയമസഭയിലേയ്ക്ക് വ്യാപിപ്പിച്ച് പ്രതിപക്ഷം. നിയമസഭാസമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി അരങ്ങേറിയത് നാടകീയരംഗങ്ങളാണ്. ശബരിമലയിലെ പൊലീസ് നടപടിയ്ക്കെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിച്ചു. പൊലീസ് നിയന്ത്രണങ്ങൾ ഭക്തർക്ക് വേണ്ടിയാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിയ്ക്കുന്നതെന്നാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ വി.എസ്.ശിവകുമാർ ആരോപിച്ചത്. ശിവകുമാറിന്‍റെ പ്രസംഗത്തിനിടെ റാന്നി എംഎൽഎ രാജു എബ്രഹാമിനെ സംസാരിയ്ക്കാൻ സ്പീക്കർ അനുവദിച്ചതിനെതിരെ പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിഷേധം തുടർന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു. 

രാവിലെ മുതൽ നാടകീയരംഗങ്ങൾ

ശബരിമല പ്രശ്നത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നെങ്കിലും ചോദ്യോത്തരവേളയിൽത്തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. യുഡിഎഫ് പാർലമെന്‍ററി പാർട്ടി തീരുമാനപ്രകാരമായിരുന്നു ഇത്.

മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവും തുടങ്ങിയത്. 'ശബരിമല സംരക്ഷിക്കണം' എന്നെഴുതിയ പ്ലക്കാ‍ർഡും ബാനറുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിൽ എത്തിയത്. തുടര്‍ന്ന് പ്രതിഷേധം അറിയിച്ചുവെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ശേഷം ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷ എംഎല്‍എമാര്‍ വഴങ്ങിയില്ല. 

ആദ്യം സീറ്റിലിരുന്ന് പ്രതിഷേധം അറിയിച്ച  പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലായിരുന്നു പിന്നീടുള്ള പ്രതിഷേധം. ചോദ്യോത്തര വേളയിൽ സഹകരിക്കണമെന്ന് സ്പീക്കര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന്‍റെ നിലപാടുകള്‍ മാറ്റാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി.

second day of niyamasabha full of drama over sabarimala 

സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമം

ചോദ്യോത്തര വേളയില്‍ ആദ്യത്തെ ചോദ്യം പ്രളയം സംബന്ധിച്ചായിരുന്നു. പ്രളയാനന്തര നടപടികളെ കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെയും പ്രതിഷേധം തുടര്‍ന്നു. പ്രതിപക്ഷ എംഎൽഎമാരായ അൻവർ സാദത്തും ഐ.സി.ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിലേയ്ക്ക് തള്ളിക്കയറാൻ നോക്കി. ഹൈബി ഈഡനും എ.വിൻസന്‍റും ചേർന്ന് ഒടുവിൽ ഇരുവരെയും പിന്തിരിപ്പിച്ച് തിരിച്ചുകൊണ്ടുവരികയായിരുന്നു.

second day of niyamasabha full of drama over sabarimala

മുഖ്യമന്ത്രി - പ്രതിപക്ഷനേതാവ് വാക്പോര്

പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പം സഭയില്‍ മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് വാക്പോരും നടന്നു.  ചോദ്യോത്തരവേള നിര്‍ത്തിവച്ച് ശബരിമല സംബന്ധിച്ച അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

എന്നാല്‍ ഇക്കാര്യം വൈകിയാണ് അദ്ദേഹം അവതരിപ്പിച്ചതെന്നും അടിയന്തര പ്രമേയം പരിഗണിക്കലായിരുന്നു പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെങ്കില്‍ അത് നേരത്തെ വ്യക്തമാക്കാമായിരുന്നു എന്നും, ചോദ്യോത്തര വേള തടസപ്പെടുത്തലാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൂടുതല്‍ സമയമെടുത്തുവെന്ന പ്രതിപക്ഷ ആരോപണത്തിന്, ചോദ്യങ്ങള്‍ക്ക്  മറുപടി പറയാന്‍ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിലേ മറുപടി മേശപ്പുറത്ത് വയ്ക്കേണ്ടതുള്ളൂ, എന്നും ഇപ്പോള്‍ അങ്ങനെ ഒന്നും ഇല്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യം കാണിക്കാനുള്ള ഇടമല്ല സഭയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

അതേസമയം മുഖ്യമന്ത്രി മറുപടി പറയാന്‍ 45 മിനുട്ട് എടുത്തുവെന്ന് ചെന്നിത്തല ആരോപിച്ചു. 14 ചോദ്യങ്ങളുണ്ടായിരുന്നുവെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. പ്രതിപക്ഷത്തിന് പറയാനുള്ള സമയം സ്പീക്കര്‍ അപഹരിച്ചുവെന്നും  ഇങ്ങനെയാണോ സഭ നടത്തേണ്ടതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചു.

ശൂന്യവേള ഉപേക്ഷിച്ചതായി സ്പീക്കർ

പ്രതിപക്ഷപ്രതിഷേധത്തെത്തുടർന്ന് ശൂന്യവേള ഉപേക്ഷിച്ചതായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചു. ശൂന്യവേളയ്ക്ക് നാല് മിനുട്ട് മുമ്പ് പ്രതിഷേധത്തെത്തുടർന്ന് സഭ നിർത്തി വയ്ക്കേണ്ടി വന്നു. 

ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും സഭ ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ശബരിമലയിലെ നിയന്ത്രണങ്ങള്‍  പൊലീസ് രാജാണെന്നും, വര്‍ഗീയ ശക്തികള്‍ക്ക് കയ്യടക്കാനുള്ള അവസരം സർക്കാർ ഒരുക്കിയെന്നും ഉൾപ്പടെയുല്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ വരെ ഉന്നയിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ഒഴിവാക്കുകയും ചെയ്തു.

വത്സൻ തില്ലങ്കേരിയ്ക്ക് മൈക്ക് കൊടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചിത്തിര ആട്ട സമയത്ത് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ശാന്തരാക്കാനായിരുന്നു പൊലീസിന്‍റെ നപടിയെന്ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ശബരിമലയില്‍ ക്രമസമാധാന ചുമതല ആര്‍എസ്എസ് നേതാവ് ഏറ്റെടുത്ത് മെഗാഫോണ്‍ ഉപയോഗിച്ച് പ്രസംഗം നടത്തിയതായും ഇത് പൊലീസിന്‍റെ വീഴ്ചയല്ലേ എന്നുമുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

ശബരിമലയില്‍ ക്രമസമാധാന ചുമതല  എല്ലാ ഘട്ടത്തിലും പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനായി 52 വയസ്സുള്ള സ്ത്രീ വന്നപ്പോൾ, യുവതി എന്നാരോപിച്ച് പ്രതിഷേധം അക്രമാസക്തമായി. അവരെ ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി അവരിലൊരാൾക്ക് മൈക്ക് നൽകി പ്രതിഷേധക്കാരനെ ശാന്തരാക്കുവാന്‍ ആവശ്യപ്പെട്ടു. അടിയന്തര ഘട്ടത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായിരുന്നു ഇതെന്നും സഭയില്‍ അനിൽ അക്കരയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

കറുപ്പണിഞ്ഞ് പ്രതിഷേധം

അയ്യപ്പഭക്തരോട് പിന്തുണ പ്രഖ്യാപിച്ച് പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ് കറുപ്പ് വസ്ത്രമണിഞ്ഞാണ് ഇന്ന് സഭയിലെത്തിയത്. സഭയിൽ ബിജെപിയുമായി സഹകരിയ്ക്കാൻ ഇന്നലെ ജോർജിന്‍റെ ജനപക്ഷം തീരുമാനിച്ചിരുന്നു. ബിജെപി എംഎൽഎ ഒ.രാജഗോപാലും സഭയിൽ കറുപ്പുടുത്താണ് എത്തിയത്. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും ഇന്ന് സഭയിൽ കറുപ്പുടുത്ത് എത്തി. 

second day of niyamasabha full of drama over sabarimala

Follow Us:
Download App:
  • android
  • ios