അന്ത്രാരാഷ്‌ട്ര യോഗാ ദിനമായ നാളെ അയിരത്തില്‍ പരം സമൂഹ യോഗാഭ്യാസങ്ങള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും,സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ സമൂഹ യോഗാഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. യോഗാ ദിനാചരണത്തിന് നേതൃത്വം നല്‍കുന്ന ആയുഷ് മന്ത്രാലയത്തിന്‍റെ പ്രധാന പരിപാടി ചണ്ഡീഗഢിലാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സമൂഹ യോഗാഭ്യാസത്തിന് നേതൃത്വം നല്‍കും. യോഗാദിനാചരണത്തിന് തുടക്കമിട്ട കഴിഞ്ഞ വര്‍ഷം പ്രതിക്ഷിച്ചതിനെക്കാളേറെ മികച്ച പ്രതികരണം ലഭിച്ചതെന്നും ഈ വര്‍ഷവും ജനങ്ങള്‍ യോഗാ ദിനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രത്യേക സന്ദേശത്തില്‍ പറഞ്ഞു.

57 കേന്ദ്രമന്ത്രിമാര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമൂഹ യോഗാഭ്യാസത്തില്‍ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന യുപിയില്‍ മാത്രം പത്ത് കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും. കേരളത്തിലെ പരിപാടികളില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പങ്കെടുക്കും. പൊതുയോഗ പ്രോട്ടോക്കോള്‍ പ്രകാരം ചിട്ടപ്പെടുത്തിയ 35 മിനിറ്റ് യോഗാപ്രദര്‍ശനം രാവിലെ ഏഴ് മണിക്ക് തുടങ്ങും.