ദില്ലി: ഏയര്‍സെൽ മാക്സിസ് ഇടപാടിൽ പി.ചിദംബരം സിബിഐയിൽ നിന്ന് ചോര്‍ത്തിയതെന്ന് കരുതുന്ന രഹസ്യരേഖകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കിട്ടി. സീൽവെച്ച കവറിൽ സിബിഐ സുപ്രീംകോടതിയിൽ സമര്‍പ്പിച്ച രഹസ്യരേഖകളാണ് ചിദംബരത്തിന്‍റെ വസതിയിൽ നിന്നാണ് എൻഫോഴ്സ്മെന്‍റെ പിടിച്ചെടുത്തത്.
ഏയര്‍സെൽ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡിസംബറിലും ജനുവരി 13നും ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍റെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ നിരവധി രേഖകളാണ് പിടിച്ചെടുത്തത്. ഏയര്‍സെൽ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് ജനുവരി 22ന് സിബിഐ സീൽവെച്ച കവറില്‍ സുപ്രീംകോടതിയിൽ നൽകിയ റിപ്പോര്‍ട്ടുകളിലെ പല രേഖകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നത്. സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട് നൽകുന്നതിന് മുമ്പ് സിബിഐയിൽ നിന്ന് ചിദംബരം രേഖകൾ ചോര്‍ത്തിയതാകാം എന്നാണ് സംശയം. പല രേഖകളും സിബിഐ ഒപ്പുവെക്കുന്നതിന് മുമ്പുള്ളതാണ്. എന്നുവെച്ചാൽ ചിദംബരവുമായി നടന്ന ആശയവിനിമയത്തിന് ശേഷമാകാം സിബിഐ സുപ്രീംകോടതിയിൽ രഹസ്യരേഖകൾ അടങ്ങിയ റിപ്പോര്‍ട്ട് നൽകിയത്. രേഖകൾ ചോര്‍ന്ന സംഭവത്തിൽ സിബിഐ ഡയറക്ടര്‍ ആഭ്യന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ഇക്കാര്യങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ അറിയിക്കും. എയര്‍സെൽ കമ്പനിയുടെ 74 ശതമാനം ഓഹരികളാണ് മലേഷ്യന്‍ കമ്പനിയായ മാക്സിസ് വാങ്ങിയത്. ഈ കരാറിന് അനുകൂലമായി എഫ്.ഐ.പിബി എടുത്ത തീരുമാനമാനത്തിനായി കാര്‍ത്തി ചിദംബരം വഴി മാക്സിസ് കമ്പനി ശ്രമിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിക്ക് വിടാതെ അന്ന് ചിദംബരം വിദേശനിക്ഷേപത്തിനുള്ള തീരുമാനവും എടുത്തു. കരാറിൽ 2 ലക്ഷം ഡോളറിന്‍റെ നേട്ടം കാര്‍ത്തി ചിദംബരത്തിന് ഉണ്ടായതിനുള്ള തെളിവുകൾ എൻഫോഴ്സ്മെന‍്റ് ഡയക്ടറേറ്റിന് കിട്ടിയിട്ടുണ്ട്.
