ബ്രസീല്‍: ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്​ കവർച്ച ലക്ഷ്യമിട്ട്​ തുരങ്കം നിർമിച്ച 16 അംഗസംഘത്തെ പൊലീസ്​ പിടികൂടി. ബ്രസീലിലെ സാവോപോളോയിൽ ബാങ്ക്​ ഒാഫ്​ ബ്രസീലിൽ നിന്ന്​ കവർച്ച നടത്താൻ നാല്​ മാസം സമയമെടുത്ത്​ തുരങ്കം പണിത സംഘമാണ്​ കവർച്ചക്ക്​ മു​മ്പെ പിടിയിലായത്​. 1600 അടി നീളത്തിലാണ്​ കവർച്ചാ സംഘം തുരങ്കം നിർമിച്ചത്​. 317 മില്യൺ ഡോളർ കവർച്ച ചെയ്യാൻ ലക്ഷ്യമിട്ടാണ്​ സംഘം തുരങ്കം പണിതത്​.

തുരങ്ക നിർമാണം പൂർത്തിയായ ഉടനായിരുന്നു ഇവർ പിടിയിലായത്​. 1.27 മില്യൺ ഡോളർ ചെലവിട്ടാണ്​ തുരങ്കം പണിതതെന്ന്​ അന്വേഷണം നടത്തുന്ന ഫാബിയോ പിനേറോ ലോപസ്​ പറഞ്ഞു. ബാങ്കിന്​ പരിസരത്ത്​ വീട്​ വാടകക്കെടുത്ത്​ അവിടെ നിന്നാണ്​ തുരങ്കം പണിതത്​. ഇവിടെ നിന്ന്​ ഭക്ഷണവും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്​.

സംഘത്തിലെ ഒാരോരുത്തരും 6340 ഡോളർ നിക്ഷേപിച്ചാണ്​ വൻ കവർച്ചാ പദ്ധതി ആസൂത്രണം ചെയ്​തത്​. ബ്രസീൽ കറൻസിയായ ഒരു ബില്യൺ റീൽ (317 മില്യൺ ഡോളർ) കവർച്ച്​ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. സംഘത്തെ രണ്ട്​ മാസത്തോളം നിരീക്ഷിച്ചാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.