തിരുവനന്തപുരം: കേരള അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സര്‍വീസ് സംഘടനകള്‍. ഇടത് അനൂകൂല സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി. അതേസമയം കെ.എ.എസ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ പണിമുടക്കുമെന്ന് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ പ്രഖ്യാപിച്ചു.
ജനുവരി ഒന്നുമുതലാണ് കേരള അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് നിലവില്‍ വരുന്നത്. കെ.എ.എസിന്റെ പ്രത്യേക ചട്ടങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കി. ഭരണരംഗത്ത് കൂടുതല്‍ കാര്യക്ഷമത കൈവരുത്താനുതകുന്ന തീരുമാനമെന്ന് പറഞ്ഞാണ് ഭരണാനുകൂല സംഘടനകളുടെ ആഹ്ളാദ പ്രകടനം. അതേസമയം കെ.എ.എസിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന പ്രതിപക്ഷ സംഘടനയായ സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ സമരം ശക്തമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
