തിരുവനന്തപുരം: തൃശൂരില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാന്‍ ചന്ദ്രബോസ് മോഡല്‍ ക്രൂരത തിരുവനന്തപുരത്തും. വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളിന് മുന്നിലുള്ള കാര്‍മല്‍ ടവറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സുബ്രഹ്മണ്യന്‍(54) ആണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. കെട്ടടത്തിന് താഴെയുള്ള പാര്‍ക്കിംഗ് ഏരിയയില്‍ ഏര്‍പ്പെടുത്തിയ ഫീസ് ആവശ്യപ്പെട്ടതിനാണ് കെ.എല്‍ 01 സിഎ 6008 എന്ന ടൊയോട്ട കാറിലെത്തിയ യുവാവ് സുബ്രഹ്മണ്യനെ മര്‍ദ്ദിച്ചത്.
ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് തന്നെ പാര്‍ക്കിംഗ് ഫീസ് നല്‍കണമെന്ന് പറഞ്ഞിരുന്നു. തിരിച്ച് വരുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞ് യുവാവ് കെട്ടിടത്തിലേക്ക് പോയി. തിരികെ വന്ന് കാറെടുക്കാന്‍ നേരത്ത് പാര്‍ക്കിംഗ് ഫീസ് ആവശ്യപ്പെട്ടപ്പോള്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

തന്നെ മര്‍ദ്ദിച്ചപ്പോള്‍ സഹപ്രവര്‍ത്തകരെ വിളിച്ചു. ഇതോടെ യുവാവ് സുബ്രഹ്മണ്യനെ ചവിട്ടി താഴെയിട്ടു. നിലത്തിട്ട് ചവിട്ടിയെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. നിലവിളി കേട്ട് ഓടിക്കൂടിയവരാണ് സെക്യൂരിറ്റി ജീവനക്കാരനെ രക്ഷപ്പെടുത്തിയത്. ഇതോടെ യുവാവ് അവിടെയെത്തിയവര്‍ക്ക് നേരെ തിരിഞ്ഞു. പോലീസ് വരാതെ കാറ് പുറത്തേക്ക വിടില്ലെന്ന് പറഞ്ഞ് മറ്റ് ജീവനക്കാരും നാട്ടുകാരും ഗേറ്റ് പൂട്ടി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പേയാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ മൂന്ന് വര്‍ഷമായി ഇവിടെ സെക്യൂരിറ്റി ജീവനക്കാരനാണ്.

