അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മിനിയാപൊളിസിൽ അമേരിക്കൻ പൗരയും കവയിത്രിയുമായ റെനി നിക്കോൾ ഗുഡ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. 

വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപൊളിസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. മിനേപോളിസ് ന​ഗരത്തിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി. അമേരിക്കൻ പൗരത്വമുള്ള 37 വയസ്സുകാരി റെനി നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടത്. ഇവർ കവയിത്രിയും ​ഗിറ്റാറ്സ്റ്റുമാണ്. ഇവർക്ക് സർക്കാറിന്റെ പുരസ്കാരമടക്കം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ മുഖത്തേക്ക് ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. മൂന്ന് കുട്ടികളുടെ അമ്മയായ 37 വയസ്സുള്ള ഇവർ അടുത്തിടെയാണ് മിനിയാപോളിസിലേക്ക് താമസം മാറിയത്. 

ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയംരക്ഷക്കായാണ് വെടിവെച്ചതെന്ന വാദം ദൃക്‌സാക്ഷികൾ തള്ളിയതോടെയാണ് വലിയ പ്രതിഷേധം ഉയർന്നത്. റെനിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയതോടെ യു എസ് ഇമിഗ്രേഷൻ വകുപ്പ് പ്രതിക്കൂട്ടിലായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി രണ്ടായിരത്തോളം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെയാണ് നിലവിൽ മിനിയാപൊളിസിൽ വിന്യസിച്ചിരിക്കുന്നത്. പരിശോധനകളുടെ ഭാഗമായാണ് റെനി നിക്കോൾ ഗുഡിന് നേരെ ഉദ്യോഗസ്ഥൻ വെടിവെപ്പ് നടത്തിയതെന്നാണ് വ്യക്തമാകുന്നത്.

മിനിയാപൊളിസിൽ കൊല്ലപ്പെട്ട റെനി നിക്കോൾ ഗുഡ് അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നാണ് അമ്മ ഡോണ ഗാഞ്ചർ പറഞ്ഞത്. റെനി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുവെച്ചാണ് ഉദ്യോഗസ്ഥൻ അവളെ വെടിവെച്ചുകൊന്നതെന്നും അമ്മ വ്യക്തമാക്കി. പൊലീസ് ആരോപിക്കുന്നത് പോലെയല്ല സംഭവമെന്നും മകൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും എന്തിനെങ്കിലും എതിരെ പ്രതിഷേധിക്കുന്ന സ്വഭാവക്കാരിയല്ല റെനിയെന്നും അമ്മ വിവരിച്ചു. റിനി കൊല്ലപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഡോണ പറഞ്ഞു.

വെർജീനിയയിലെ ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിയേറ്റീവ് റൈറ്റിംഗിൽ ബിരുദം നേടിയ റെനി മികച്ച കവിതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. റെനി ഒരു ഭീകരവാദിയാണെന്ന രീതിയിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ പ്രതിഷേം ശക്തമാകാൻ കാരണമായിട്ടുണ്ട്.