ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് പനത്തടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയ പൂടങ്കല്ല് സ്വദേശി പ്രസാദാണ് പരാതി നല്‍കിയിരിക്കുന്നത്. അപകടത്തില്‍ കൈവിരലിന് പരിക്കേറ്റ തന്നെ ചികിത്സിക്കാന്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്ന ഡോക്ടര്‍ വന്നില്ലെന്നും നഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാരന്‍ ചികിത്സിച്ചെന്നുമാണ് പ്രസാദിന്റെ പരാതി. ചെറിയ തോതില്‍ പൊട്ടിയ നഖം സെക്യൂരിറ്റി ജീവനക്കാരന്‍ പറിച്ചെടുത്തു. കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു സംഭവം. 

പിന്നീട് വേദന സഹിക്കാതെ വന്നതോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. നഖം പറിച്ചെടുക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് അവിടെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞതൊടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍റെ ചികിത്സക്കെതിരെ പ്രസാദ് പരാതിയുമായി ആരോഗ്യവകുപ്പിനെ സമീപിച്ചത്. ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ജീവനക്കാര്‍ രോഗികളോട് മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെതന്നെ പരാതിയുണ്ടായിരുന്നു.ഇതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി സമരരംഗത്തുമാണ്. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.