ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കോഴിക്കോട് പോലിസ് കസ്റ്റഡിയിലെടുത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കമല്‍സിയെ പോലിസ് ഞായറാഴ്ച രാത്രി ജാമ്യത്തില്‍ വിട്ടിരുന്നു. ദേശീയ ഗാനത്തെ അപമാനിച്ചതിനായിരുന്നു കേസ്. സംഭവം വിവാദമായി മുഖ്യമന്ത്രി  ഇടപെട്ടതോടെയാണ് പോലിസ് മേധാവി നിലപാട് മാറ്റിയത്. കമല്‍സിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഡിജിപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ നിരാഹാര സമരം അവസാനിപ്പിക്കിലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കമല്‍ സി പറഞ്ഞു. തന്നെ സഹായിച്ചതിന്റെ പേരില്‍ രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് കമല്‍ ആവശ്യപ്പെട്ടു.
 
മനുഷ്യത്വമില്ലാത്ത നടപടികളാണ് കമലിനെതിരെ പോലിസ് നടത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രസവിച്ച് ദിവസങ്ങള്‍ മാത്രം ആയ ഭാര്യയ്ക്ക് കമലിനെ സഹായിക്കാനായി ഓടി നടക്കേണ്ടി വന്നു. സൈക്കാട്രിസ്റ്റിനെ കാണാനെത്തിയ കമലിനെ  പിടികൂടി മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചിരുന്നു.