കെഎംആർഎല്ലും ശീമാട്ടിയും വീണ്ടും തർക്കത്തിൽ തർക്കം സ്ഥലത്തെ പാർക്കിംഗിനെ ചൊല്ലി
കൊച്ചീ: മെട്രോ നിർമ്മാണത്തിന് ഏറ്റെടുത്ത സ്ഥലത്തെ ചൊല്ലി കെഎംആർഎല്ലും ശീമാട്ടിയും തമ്മിൽ വീണ്ടും തർക്കം. മെട്രോ പാലത്തിന് താഴെയുള്ള നടപ്പാതയിലൂടെ സ്വകാര്യ വാഹനങ്ങൾ കയറ്റി വിടുന്നു എന്നാണ് കെഎംആർഎല്ലിന്റെ പരാതി. പൊലീസ് സംരക്ഷണത്തോടെ നടപ്പാതയ്ക്ക് കുറുകെ കെഎംആര്‍എല്‍ ബാരിക്കേഡ് നിർമ്മിച്ചു. അതേ സമയം കെഎംആർഎല്ലിന്റെ പരാതിയേയും നടപടിയെയും കുറിച്ച് ശീമാട്ടി അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.
മെട്രോ നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കലിനെ ചൊല്ലി കെഎംആർഎല്ലും ശീമാട്ടിയും തമ്മിൽ ഏറെ നാളായി തർക്കത്തിലായിരുന്നു. നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് എം ജി റോഡിലെ 32 സെന്‍റ് സ്ഥലം കെഎംആർഎൽ ഏറ്റെടുത്തത്. കരാർപ്രകാരം മെട്രോ തൂണിന് കീഴിലുള്ള സ്ഥലം കെഎംആർഎല്ലിന്റെ അധീനതയിലാണ്.
ഈ സ്ഥലത്ത് കെഎംആർഎൽ തന്നെ നടപ്പാതയുണ്ടാക്കി. ചുറ്റും കമ്പി വേലി നിർമിച്ചു. പക്ഷെ ശീമാട്ടിയിലേക്ക് ആളുകൾക്ക് നടന്നു പോകാൻ വഴി നൽകിയിരുന്നു. എന്നാൽ ഈ വഴിയിലൂടെ ഇപ്പോള്‍ അധികൃതർ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുകയാണെന്നാണ് കെഎംആർഎല്ലിന്റെ പരാതി.
വാഹനങ്ങള്‍ കയറുന്നത് തടയാൻ നടപ്പാതയ്ക്ക് ഇരുവശങ്ങളിലുമായാണ് തൂണുകള്‍ സ്ഥാപിച്ചത്. പൊലീസ് സംരക്ഷണത്തോടെയായിരുന്നു നിർമ്മാണം. നിലവിൽ തൂണിന് കീഴിലുള്ള സ്ഥലത്ത് കെഎംആർഎൽ പാർക്കിംഗിന് സ്ഥലം ഒരുക്കിയിട്ടുണ്ട്.
