തൃശൂര്‍: പര്‍ദ്ദ എന്ന കവിത പിന്‍വലിച്ചത് മതമൗലികവാദികളുടെ ഭീഷണി ഭയന്നല്ലെന്ന് കവി പവിത്രന്‍ തീക്കുനി. പര്‍ദ്ദയെ ആഫ്രിക്കയോട് ഉപമിച്ച പ്രയോഗം എടുത്തുമാറ്റി കവിത വീണ്ടും പുറത്തിറക്കുമെന്നും കവി വ്യക്തമാക്കി.

പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്. പവിത്രന്‍ തീക്കുനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 5 വരികളുളള പര്‍ദ്ദ എന്ന കവിത തുടങ്ങുന്നത് ഇങ്ങനയൊണ്. കവിതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ കവി സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് കവിത പിന്‍വലിച്ചു. എന്നാല്‍ കവിതയില്‍ കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്‍കൊണ്ടാണ് കവിത പിന്‍വലിച്ചതെന്നാണ് കവിയുടെ വിശദീകരണം. 

പര്‍ദ്ദക്ക് ഒരാഴ്ച മുമ്പെഴുതിയ സീത എന്ന കവിതയ്‌ക്കെതിരെയും ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. രാമാ നീ വാഴ്ത്തപ്പെട്ട സംശയത്തിന്റെ രാജാവായിരുന്നു എന്ന വരികള്‍ എന്ത് കൊണ്ട് പിന്‍വലിക്കുന്നില്ലന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് കവിയുടെ മറുപടി. സീത, കേരളത്തിലെ ദളിത് - അരിക് ജീവിതങ്ങള്‍ക്ക് എതിരല്ലെന്നും പവിത്രന്‍ തീക്കുനി പറഞ്ഞു. ഇരുകവിതകളും ഉടന്‍ പ്രസിദ്ധീകരിക്കും. പര്‍ദ്ദ ചില തിരുത്തലോടെയും സീത മാറ്റം വരുത്താതെയുമായിരിക്കും പുറത്തു വരിക.