ബെംഗളൂരു: മന്ത്രവാദത്തിന്‍റെ പേരില്‍ പത്തുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കള്‍ അടക്കം നാലുപേര്‍ പിടിയില്‍. ബെംഗളൂരുവിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കര്‍ണാടകയിലെ മഗഡി രാമനാഗര്‍ ജില്ലയിലാണ് സംഭവം. സുനകല്‍മുഹമ്മദ് നൂറുള്ളയുടെയും ജമീലയുടെയും ആയിഷ എന്ന പത്തുവയസുകാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ കേസില്‍ മുഹമ്മദ് വാസില്‍ (42), റഷീദുന്നീസ (38), മന്ത്രവാദി നസീം താജ് (33) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം കൗമാരക്കാരനും പിടിയിലായിട്ടുണ്ട്. 

സംഭവത്തില്‍ മൂന്നുദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഹൊസഹള്ളി റോഡിന് സമീപത്തെ കനാലില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കഴുത്ത് മുറിച്ചനിലയിലും കാലില്‍ നാരങ്ങ കെട്ടിവെച്ച നിലയിലും കണ്ടെത്തിയതാണ് ദുര്‍മന്ത്രവാദമാണോ കൊലപാതകത്തിന് പിന്നിലെന്ന പൊലീസിന്റെ സംശയത്തിന് ആക്കം കൂട്ടി. 

ചാത്തന്‍ സേവയ്ക്കുപയോഗിക്കുന്ന ചില വസ്തുക്കളും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നസീം താജിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മുഹമ്മദ് വാസിലിന്റെ സഹോദരന്‍ മുഹമ്മദ് റഫീഖ് പക്ഷാഘാതം രോഗബാധിതനായിരുന്നു. രോഗം ഭേദമാക്കാന്‍ ഇവര്‍ മന്ത്രവാദചികിത്സ നടത്തുന്ന നസീം താജിനെ സമീപിക്കുകയായിരുന്നു. ഇതിനായി പത്തുവയസുകാരിയെ കണ്ടെത്തണമെന്ന് ഇയാള്‍ നിര്‍ദേശിച്ചു. വാസിലും കൗമാരക്കാനും ചേര്‍ന്നു തട്ടികൊണ്ടു പോയി. ഹൊസഹള്ളി റോഡിലുള്ള ദര്‍ഗയില്‍ എത്തിച്ച ശേഷം മന്ത്രവാദം നടത്തുകയും കൊലപ്പെടുത്തുകയായിരുന്നു

വാസിലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീടിനു സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ മഗഡി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അമ്മാവന്റെ പക്ഷാഘാതം മാറാന്‍ വേണ്ടിയാണ് ബന്ധുക്കള്‍ കുട്ടിയെ ബലി നല്‍കിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ ഉള്‍പ്പെടെ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് ഒന്നിനാണ് കൊലപാതകം നടന്നത്. മാര്‍ച്ച് മൂന്നിന് മഗഡി പൊലീസ് മൃതദേഹം കണ്ടെടുത്തു.