തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം ധാരണയിലേക്ക്. സർക്കാറിന് വിട്ട് കൊടുക്കുന്ന 30 ശതമാനം സീറ്റിലെ ഫീസിന്റെ കാര്യത്തിൽ നാളെയോടെ ധാരണയാകുമെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി. നാളെ വൈകീട്ട് മുഖ്യമന്ത്രി മാനേജ്മെന്റുകളുമായി ചർച്ച നടത്തും.

ഇതോടെ സ്വാശ്രയമെഡിക്കൽ പ്രവേശനത്തിൽ സമവായം തെളിയുമെന്നു ഉറപ്പായി. സർക്കാറിന് വിട്ടുകൊടുക്കുന്ന 30 ശതമാനം സീറ്റിലെ ഫീസിൽ മാത്രമാണ് തർക്കം. 8 ലക്ഷം ആവശ്യപ്പെട്ട മാനേജ്മെന്റുകൾ നാലു ലക്ഷത്തി നാല്‍പ്പതിനായിരം വരെയെത്തി. സർക്കാർ മുന്നോട്ട് വച്ചത് രണ്ടരലക്ഷം രൂപയാണ്. രണ്ടരയാണെങ്കിൽ മാനേജ്മെന്റ് ക്വാട്ടയിൽ 12 ലക്ഷം വേണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം.

സർക്കാറിന് നൽകുന്ന 20 ശതമാനത്തിൽ മുൻവർഷത്തെപോലെ 25000 രൂപ ഫീസെന്ന് ധാരണയായിക്കഴിഞ്ഞു. ദന്തലിൽ സർക്കാറിന് നൽകുന്ന് 30 ശതമാനത്തിൽ മാനേജ്മെന്റുകളാവശ്യപ്പെട്ടത് 3 ലക്ഷത്തി 30000 രൂപ. ഇനിയും കുറക്കണമെന്നാണ് സർക്കാറിന്റെ ആവശ്യം. ദന്തൽമാനേജ്മെന്റകളുമായും മുഖ്യമന്ത്രി ചർച്ച നടത്തും.