ദില്ലി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനക്കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. അടൂര്‍ മൗണ്ടസിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍, ഡി.എം.വയനാട് കോളേജുകളിലെ 400 വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. 

പ്രവേശന നടപടികളില്‍ വസ്തുതകള്‍ പരിശോധിച്ച് നിലവില്‍ കേസ് പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 31ന് ശേഷമുള്ള പ്രവേശന നടപടികള്‍ അംഗീകരിക്കേണ്ടതില്ല എന്നാണ് നിലവില്‍ ചീഫ് ജസ്റ്റിസ് ബെഞ്ച് എടുത്തിരിക്കുന്ന തീരുമാനം. 

അതേസമയം വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനം ശരിവെക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ചാകും ഇന്ന് കോടതിയുടെ തീരുമാനം വരുന്നത്.