തിരുവനന്തപുരം: അവസാന സ്പോട്ട് അഡ്മിഷൻ കഴിഞ്ഞിട്ടും സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി. സ്വന്തം നിലക്ക് നടത്തിയ പ്രവേശന വിവരം കൈമാറണമെന്ന ഹൈക്കോടതി നിർദ്ദേശം കണ്ണൂർ, കരുണ കോളേജുകൾ അട്ടിമറിച്ചു. ഇതോടെ ഈ കോളേജുകളിലെ ഒരു സീറ്റിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണർക്ക് പ്രവേശനം നടത്താനായില്ല. കോളേജുകൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.
ഹൈക്കോടതി വിധിക്ക് കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകൾ പുല്ലുവില കല്‍പ്പിച്ചതോടെ അവസാന സ്പോട്ട് അഡ്മിഷനും ഫലം കണ്ടില്ല. സ്വന്തം നിലക്ക് പ്രവേശനം നടത്തിയതിന്റെ വിവരങ്ങൾ നൽകണമെന്ന കോടതി ഉത്തരവ് കോളേജുകൾ പാലിച്ചില്ല. സ്വന്തം നിലക്ക് നടത്തിയ പ്രവേശനം റദ്ദാക്കിയ ശേഷം ഏകീകൃത അലോട്ട്മെന്റ് നടത്താനുള്ള ജയിംസ് കമ്മിറ്റി തീരുമാന ഹൈക്കോടതിയും അംഗീകരിച്ചതായിരുന്നു. എന്നാൽ കണ്ണൂർ ഒരു വിവരവും പ്രവേശനപരീക്ഷ കമ്മീഷണറെ അറിയിച്ചില്ല. കരുണ നൽകിയ വിവരങ്ങൾ അപൂർണ്ണം.
ഇതോടെ ഈ കോളേജുകളിലെ 250 എംബിബിഎസ് സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണർക്ക് അലോട്ട്മെന്റ് നടത്താനായില്ല. സ്പോട്ട് അഡ്മിഷനെത്തിയ വിദ്യാർത്ഥികളുടെ നീറ്റ് റാങ്ക് പട്ടികയിലെ സ്ഥാനങ്ങൾ മാത്രം കമ്മീഷണർ ശേഖരിച്ചു. ഈ വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ ബിഎസ് മാവോജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോളേജുകളുടെ നിസ്സഹകരണത്തില്‍ സർക്കാറും ജയിംസ് കമ്മിറ്റിയും ഇന്നലെ തന്നെ ഇടപെട്ടിരുന്നെങ്കിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമായിരുന്നു. പ്രവേശനത്തിന് സുപ്രീം കോടതി നീട്ടിനൽകിയ സമയപരിധി തീർന്നതിനാൽ ഇനി എന്ത് എന്നുള്ള കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.
