തിരുവനന്തപുരം: സംസ്ഥാനത്തെ സാശ്രയ കോളജുകൾക്കെതിരായുള്ള പരാതികള്‍ പരിശോധിക്കാന്‍ ഉന്നതസമിതി നിലവില്‍ വന്നു. സ്വശ്രയ കോളേജ് പ്രശ്നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച സര്‍വ്വകലശാല വിസിമാരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ കോളജുകളിൽ മാനേജ്മെന്‍റുകൾക്കും മാർക്കിടുന്ന രീതികൾക്കുമെതിരേ പ്രക്ഷോഭങ്ങൾ ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ സമിതിയെ നിയോഗിച്ചത്. 

വിദ്യാഭ്യാസ മന്ത്രിയുടെ മേൽനോട്ടത്തിലുള്ള സമിതിയിൽ നാലു വിസിമാർ അംഗങ്ങളാണ്. കോളജുകളുടെ അക്കാഡമിക് നിലവാരവും നടത്തിപ്പും സമിതി പരിശോധിക്കും. ഇന്‍റേണല്‍ മാർക്ക് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനും അഫിലിയേഷൻ, കോളജുകളുടെ നടത്തിപ്പ് തുടങ്ങിയവ മാനദണ്ഡങ്ങൾ അനുസരിച്ചേ നടപ്പാക്കാവൂ എന്നും യോഗത്തിൽ ധാരണയായി. കോളജുകളിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഘടനകളുടെ പ്രവർത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു.