ജിഷ്ണുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ തുടര്‍ന്ന് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് അധ്യാപകര്‍ പണിമുടക്ക് തുടങ്ങിയത്‍. വിദ്യാത്ഥികള്‍ മര്‍ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. എന്നാല്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രതികാര നടപടിയാണിതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, വിപിന്‍ എന്നീ അഞ്ച് പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ക്ലാസ് തുടങ്ങിയിട്ടും അധ്യാപകരില്ലാതെ വന്നപ്പോഴാണ് ബദല്‍ മാര്‍ഗ്ഗങ്ങളന്വേഷിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ ക്ലാസുകളില്‍ ക്ലാസെടുക്കുന്നതിന് പുറമെ, ഓരോ വിഷയത്തിലും പ്രാവീണ്യമുള്ള വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ നയിക്കുന്നു. ഇതിനിടെ വിദ്യാര്‍തഥികളുടെ അഭ്യര്‍ത്ഥന മാനിച്ച് കോളേജില്‍ ക്ലാസെടുക്കാന്‍ സന്നദ്ധരായി പലരും രംഗത്തുവരുന്നുണ്ട്.