മധുബാനിയിലെ ആശ്രമത്തില്‍ വെച്ച് ഇയാൾ മറ്റൊരു സ്ത്രീയെയും പീഡനത്തിനിരയാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പാട്ന: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റില്‍. മന്‍മോഹന്‍ സാഹേബ് എന്നയാളാണ് അറസ്റ്റിലായത്. എട്ടു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് മന്‍മോഹന്‍ സാഹേബിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പഞ്ചാബിലെ ലുധിയാന സ്വദേശികളായ സഹോദരിമാരെയാണ് സാഹേബ് തന്റെ ആശ്രമത്തിൽ വെച്ച് ചൂഷണത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു.

ഈ മാസം ആദ്യമാണ് പെണ്‍കുട്ടികൾ മന്‍മോഹന്‍ സാഹേബിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2009 ൽ ബീഹാറിലെ മധുബാനിൽ വെച്ചാണ് മന്‍മോഹന്‍ സാഹേബ് പെൺകുട്ടികളെ കണുന്നത്. തുടർന്ന് 2010 ൽ ബീഹാറിലെ സൂപൗളിലുള്ള ഇയാളുടെ ആശ്രമത്തിൽ വെച്ച് അനുജത്തിയെ പീഡനത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. പിന്നീ‍ട് കുട്ടിയെ അക്രമത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ ഇയാൾ ഫോണില്‍ ചിത്രികരിച്ചു. ഈ ദൃശ്യങ്ങൾ വെച്ച് പലതവണ ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കി. 2016 ൽ മന്‍മോഹന്‍ സാഹേബ് മൂത്ത സഹോദരിയെയും പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നുണ്ട്.

പ്രധാനമന്ത്രി,പഞ്ചാബ് മുഖ്യമന്ത്രി,ദേശീയ വനിതാ കമ്മീഷന്‍, ബീഹാറിലെ ഡിജിപി എന്നിവര്‍ക്കാണ് പെൺകുട്ടികൾ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ ആള്‍ ദൈവം പൊലീസ് പിടിയിലാകുകയായിരുന്നു. മധുബാനിയിലെ ആശ്രമത്തില്‍ വെച്ച് ഇയാൾ മറ്റൊരു സ്ത്രീയെയും പീഡനത്തിനിരയാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ആൾ ദൈവത്തെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ പാസ്പോർട്ടും ഔദ്യോ​ഗിക രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദേര സച്ച സൗധ മേധാവി ഗുർമിത് റാം റഹീം സിംഗിനെ ബലാത്സംഗ കേസിൽ ശിക്ഷ വിധിച്ചതിനുശേഷമാണ് മന്‍മോഹന്‍ സാഹേബിനെതിരെ പ്രവർത്തിക്കാൻ തങ്ങൾക്ക് പ്രചോദനമായതെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ പറയുന്നു. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമം ചുമത്തിയതായി എസ്പി മൃത്യുന്‍ജയ് കുമാര്‍ ചൗധരി അറയിച്ചു.