ചണ്ഡീഗഡ്: ബലാല്‍സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീദ് റാം റഹീം സിംഗിനുള്ള ശിക്ഷ നാളെ വിധിക്കും. അക്രമസാധ്യത കണക്കിലെടുത്ത് റോത്തക്കിലെ ജയിലില്‍ തന്നെയായിരിക്കും കോടതി നടപടികള്‍ പൂര്‍ത്തിയാക്കുക. 

അക്രമം തടയാന്‍ വെടിവെക്കാനുള്ള ഉത്തരവ് കരസേനക്ക് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ശിഷ്യയായ സ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീദ് റാം റഹീം കുറ്റക്കാരനാണെന്ന് പഞ്ച്കുല പ്രത്യക സിബിഐ കോടതി കണ്ടെത്തിയിരുന്നു. 

നിരവധി കേസുകളുള്ള റാം റഹീമിന്റെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിലെ ശിക്ഷയാണ് നാളെ വിധിക്കുക. അക്രമങ്ങള്‍ പൂര്‍ണമായും അവസാനിക്കാത്ത സാഹചര്യത്തിലാണ് റാം റഹീം സിംഗിന് ശിക്ഷ നല്‍കാനുള്ള കോടതി നടപടികള്‍ ജയിലിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനായി സിബിഐ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. അക്രമം തടയാന്‍ കരസേന ഹരിയാനയിലും ചണ്ഡിഗണ്ഡിലും എല്ലാ നടപടികളും പൂര്‍ത്തിയാക്കി. ഇന്നലെ കരസേന സിര്‍സയിലെ തേര സച്ച സൗദയുടെ ആസ്ഥാനം അടച്ചിരുന്നു. 

36 ആശ്രമങ്ങളാണ് സൈന്യം വളഞ്ഞിരിക്കുന്നത്. ആദ്യദിവസം അക്രമം അടിച്ചമര്‍ത്തുന്നതില്‍ ഹരിയാന സര്‍ക്കാരിനുണ്ടായ വീഴ്ചയെ ഇന്നലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കോടതി വിമര്‍ശനത്തിന് പിന്നാലെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടാര്‍ രാജിവെക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.