ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകരാണ് ഇന്ന് ശബരിമല കേസില്‍ വിവിധ കക്ഷികള്‍ക്ക് വേണ്ടി ഹാജരായത്. 

ദില്ലി: ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകരാണ് ഇന്ന് ശബരിമല കേസില്‍ വിവിധ കക്ഷികള്‍ക്ക് വേണ്ടി ഹാജരായത്. പ്രമുഖരുടെ പട്ടികയില്‍ എന്‍എസ്എസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരാശരന്‍, ശബരിമല തന്ത്രിക്ക് വേണ്ടി ഹാജരായ വി ഗിരി, പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‍വി, ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ഹാജരായ ശേഖര്‍ നാഫ്ഡെ, ദേവസ്വംബോർഡിന് വേണ്ടി അഡ്വ. രാകേഷ് ദ്വിവേദി, ബിന്ദു, കനകദുർഗ എന്നിവർക്ക് വേണ്ടി അഡ്വ. ഇന്ദിരാ ജയ്‍സിംഗ് അടക്കം നിരവധി പേരുകളുണ്ട്. എന്നാല്‍ ഇതില്‍ ഇരുഭാഗത്തായ രണ്ട് പേര്‍ ഹാജരായത് ചര്‍ച്ചയാവുകയാണ്.

സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകനാണ് ബ്രാഹ്മണസഭയക്ക് വേണ്ടി ഹാജരായ ശേഖര്‍ നാഫ്ഡെ. തീര്‍ത്തും സൗജന്യമായാണ് ഇദ്ദേഹം കേസില്‍ വാദിച്ചത്. അതേസമയം തന്നെ എതിര്‍വാദം ഉന്നയിച്ച ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഹാജരായ ഇന്ദിര ജയ്സിങ്ങും സൗജന്യമായാണ് കോടതിയില്‍ ഹാജരായത്. പൂര്‍ണമായും വിശ്വാസ സംരക്ഷണത്തിലൂന്നിയായിരുന്നു ബ്രാഹ്മണസഭയ്ക്ക് വേണ്ടി ശേഖർ നാഫഡെയുടെ വാദം. ആക്റ്റിവിസ്റ്റുകൾക്ക് വിശ്വാസം തീരുമാനിക്കാനാകില്ലെന്ന് അദ്ദേഹം വാദിച്ചു.

ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസമാണ് കോടതിവിധി വ്രണപ്പെടുത്തിയത്. മതം വിശ്വാസത്തിന്‍റെ ഭാഗമാണ്. നൂറ്റാണ്ടുകളായി ശബരിമലയിൽ തുടരുന്ന ആചാരമാണ് കോടതി റദ്ദാക്കിയതെന്നതിന് രേഖകളുണ്ടെന്ന് ശേഖർ നാഫ്ഡെ വാദിച്ചു. തിരുവിതാംകൂർ ഹിന്ദു മതാചാരനിയമത്തിന്‍റെ ഫോട്ടോകോപ്പി കൈമാറാൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര അഡ്വ നാഫ്ഡേയോട് ആവശ്യപ്പെട്ടു. അയ്യപ്പനെ ഒരു പ്രത്യേകരീതിയിൽ ആരാധിക്കണമെന്ന് കോടതിക്ക് വിശ്വാസികളോട് പറയാനാകില്ലെന്ന് നാഫ്ഡേ വാദിച്ചു. സിറ്റിങ്ങിന് മൂന്നര ലക്ഷം രൂപവരെയാണ് ശേഖര്‍ നഫ്ഡെയുടെ പ്രതിഫലം.

അതേസമയം തീര്‍ത്തും വിരുദ്ധമാി ഇന്ദിര ജയ്സിംഗ് വാദിച്ചു. കനകദുർഗയ്ക്കും ബിന്ദുവിനും വധഭീഷണിയുണ്ടായെന്നും, രണ്ട് പേരും കയറിയതിന് പിന്നാലെ ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മയുടെ തെളിവെന്നുമായിരുന്നു അഡ്വ. ഇന്ദിരാ ജയ്‍സിംഗിന്‍റെ വാദം. ശബരിമല പൊതുക്ഷേത്രമാണ്, ആരുടെയെങ്കിലും കുടുംബക്ഷേത്രമല്ല. ഭരണഘടനയുടെ 25 -ാം അനുച്ഛേദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ്. ഒരു സ്തീയായ എനിക്ക് ക്ഷേത്രത്തിൽ പോകണം എന്നാണ് വിശ്വാസമെങ്കിൽ അത് സംരക്ഷിക്കപ്പെടണം. എനിക്ക് ക്ഷേത്രത്തിൽ കയറണമെന്നാണ് എന്‍റെ വിശ്വാസമെങ്കിൻ ഞാൻ കയറും. വിശ്വാസികളെ സ്ത്രീകളായോ പുരുഷന്മാരായോ അയ്യപ്പൻ കാണുന്നില്ല. ദൈവത്തിന്‍റെ മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണെന്നും യുദ്ധത്തിന് വരെ സ്ത്രീകൾ പോയ ചരിത്രമില്ലേ എന്ന് ഇന്ദിരാ ജയ്‍സിംഗ് വാദിച്ചു.