തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ച് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ. അഡീഷനൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ വീട്ടിലെ വിജിലൻസ് പരിശോധനയിലാണ് അതൃപ്തി അറിയിച്ചത്. ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോര് കൂടുതൽ പരസ്യമാക്കിയാണ് വിജിലൻസ് ഡയറക്ടർക്കെതിരായ പടയൊരുക്കം ശക്തമാക്കി ഐഎഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്.
അഡീഷനൽ ചീഫ് സെക്രട്ടറിയുടെ വീട്ടിലെ വിജിലൻസ് പരിശോധനയിലുള്ള കടുത്ത അതൃപ്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ അറിയിച്ചത്. കെഎം എബ്രഹാം വീട്ടിൽ ഇല്ലാത്ത സമയത്ത് പരിശോധന നടത്തി അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാനകേസിൽ കെഎം എബ്രഹാമിനെതിരെ വിജിലൻസ് കോടതിയാണ് ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്. പരാതിക്ക് ശേഷം സ്വത്ത് വിവരങ്ങൾ കൂടുതൽ സമർപ്പിച്ചിട്ടും വീട്ടിലെത്തി പരിശോധിച്ചതിലുള്ള അമർഷം കെഎം എബ്രഹാമും ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
പരാതിക്ക് പിന്നിൽ ജേക്കബ് തോമസാണെന്നാണ് കെഎം എബ്രഹാമിന്റ സംശയം. എന്നാൽ പരിശോധന മാനദണ്ഡം പാലിച്ച് മാത്രമാണെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്.തനിക്കെതിരായ സർവ്വീസ് കേസിൽ സിബിഐ താല്‍പര്യം കാണിച്ചതിന് പിന്നിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന സംശയം ജേക്കബ് തോമസിനുണ്ട്. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നുവെന്ന ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് പുറത്തുവിട്ടതിലും കെഎം എബ്രഹാമിന്റെ പങ്ക് ജേക്കബ് തോമസ് സംശയിക്കുന്നു. ശീതസമരം ശക്തമാകുന്നതിൽ സർക്കാറിന് അതൃപ്തിയുണ്ട്. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് സബ്മിഷന് മറുപടി പറയവെ ചില ഉദ്യോഗസ്ഥർക്ക് മാധ്യമ മാനിയയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
