വീഡിയോ ടിവി ചാനലുകളില്‍ വന്നതിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ക്കെതിരെ നടപടി

ബംഗലൂരു: വിവാഹിതയായ സ്ത്രീയുമായുള്ള വീഡിയോ ടിവി ചാനലുകളില്‍ വന്നതിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ക്കെതിരെ നടപടി. ബംഗലൂരു റൂറല്‍ എസ്.പിയായ ഭീംശങ്കര്‍ ജി ഗുലീതിനെയാണ് തല്‍സ്ഥാനത്ത് നിന്നും ചൊവ്വാഴ്ച മാറ്റിയത്. ഇദ്ദേഹത്തിന് പകരം ടിപി ശിവകുമാറിനെ തല്‍സ്ഥാനത്ത് നിയമിച്ചു, ഇദ്ദേഹം ബംഗലൂരു ട്രാഫിക്ക് ഡിസിപി ആയിരുന്നു.

ഭീംശങ്കറിന് തല്‍ക്കാലം പദവിയൊന്നും നല്‍കിയിട്ടില്ല. വീഡിയോ ചാനലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ കര്‍ണ്ണാടക അഭ്യന്തരമന്ത്രി ജി പരമേശ്വര സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ജൂലൈ 5 ദേവങ്കര സ്വദേശിയായ വ്യക്തി കോറമംഗല പോലീസ് സ്റ്റേഷനില്‍ ഐപിഎസ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം.

തന്‍റെ ഭാര്യയുമായി എസ്പി അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ ഇയാള്‍. അതിന് തന്‍റെ കയ്യില്‍ വീഡിയോ തെളിവുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഭാര്യയും എസ്പിയും ഭാര്യയുടെ സ്റ്റുഡിയോയില്‍ ദിവസവും കാണാറുണ്ടെന്നാണ് ഇയാളുടെ ആരോപണം. അതേ സമയം ഐപിഎസ് ഓഫീസര്‍ക്ക് ഉടന്‍ തന്നെ അടുത്ത നിയമനം നല്‍കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.