ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി ഇപ്പോഴിത ഗൗരി ലങ്കേഷും ഒരേ പാതയില്‍ മതതീവ്രവാദികളുടെ തോക്കിനിരയായി. അനീതിക്കെതിരെ ശബ്ദിച്ചവരുടെയെല്ലാം വായ മൂടിക്കെട്ടിയത് വെടിയുണ്ടകളായിരുന്നു. കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. സമാനമായ രീതിയില്‍ ഗൗരി ലങ്കേഷും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.
കൊലപാതകങ്ങള്‍ക്കെല്ലാം സമാന സ്വഭാവം കൈവരുമ്പോള്‍, അതിന്റെ പിന്നിലുള്ളവരും ആരായിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ചില വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കൊലപാതകങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതിനെല്ലാം പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാറിന് സാധിക്കുന്നില്ല.
എന്നാല്‍ വെറുമൊരു കൊലപാതകമല്ല ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തകയുടെത്. ഒരു പ്രതിരോധത്തിന് നേരെയുള്ള അതിക്രൂരമായ ആക്രമണമാണ്. 2015 ആഗസ്ത് 30 നാണ് ധാര്‍വാഡിലെ വസതിയില്‍ കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. കല്‍ബുര്‍ഗിയുടെ മരണത്തിന് പിന്നാലെ നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും തീവ്രഹൈന്ദവ വാദികള്‍ക്കെതിരെ എഴുത്തിന്റെ വഴിയില്‍ പടവാളെടുക്കുകയും ചെയ്ത വനിതയായിരുന്നു ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തക.
മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. ലങ്കേഷിന്റെ മകളാണ് ഗൗരി. ലങ്കേഷ് പത്രികയുടെ എഡിറ്ററുമായിരുന്നു. വര്‍ഗീയതക്കെതിരായ ശക്തമായ നിലപാടുകളായിരുന്നു മാധ്യമ പ്രവര്‍ത്തകയെന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകയെന്ന നിലയിലും ഗൗരി ലങ്കേഷിനെ വേറിട്ട് നിര്‍ത്തിയത്. കല്‍ബുര്‍ഗി വധത്തിലടക്കം സധൈര്യം നിലപാടെടുത്ത ഗൗരിക്ക് നിരന്തരം ഭീഷണികള്‍ നേരിടേണ്ടി വന്നു. വെടിയുണ്ടകള്‍ക്ക് താല്‍ക്കാലികമായി വായടപ്പിക്കാന്‍ സാധിച്ചേക്കും എല്ലാവരുടെയും വായടപ്പിക്കാന്‍ സാധിക്കില്ല എന്നായിരുന്നു പലപ്പോഴു ഭീഷണികളോട് ഗൗരിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമടക്കം ഗൗരിയുടെ വിമര്‍ശങ്ങളുടെ ഇരയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുവരെ സാമൂഹ്യ മാധ്യമങ്ങളില്‍ അവര്‍ സജീവമായിരുന്നു. നേരത്തെ ട്വിറ്ററിലൂടെ മോദിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമാവുകയും ചെയ്തു. പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തുന്നത് സ്വകാര്യ കമ്പനികളായ അദാനി, അംബാനി തുടങ്ങിയവരെ സഹായിക്കാനാണെന്ന് അവര്‍ ആരോപിച്ചു. ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചപ്പോഴും ലങ്കേഷിന്റെ വിമര്‍ശനങ്ങള്‍ ബി.ജെ.പിയും മോദിയും യു.പി സര്‍ക്കാരും ഒരുപോലെ ഇരയായി.
2008ല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എതിരായി പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട മാന നഷ്ട കേസില്‍ കര്‍ണാടകയിലെ ഹുബാളി മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ ജാമ്യം നേടുകയും തുടര്‍ന്ന നിയമം പോരാട്ടം തുടര്‍ന്ന് വരികയുമയിരുന്നു. വര്‍ഗീയതയ്‌ക്കെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകം നടന്നത്. ഈ കൊലകള്‍ക്കെല്ലാം പിന്നില്‍ ഒരേ വിഭാഗക്കാരാണെന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. ഈ നീതി നിഷേധത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ച ഗൗരി ലങ്കേഷിനും ഒരേ വിധി ഉണ്ടാകുമ്പോള്‍ നിയമ വ്യവസ്ഥകളും രാഷ്ട്രീയ നേതൃത്വങ്ങളും പുനര്‍വിചിന്തനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചു എന്ന് തന്നെ പറയേണ്ടി വരും.
