1997-ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റഡ് ചെയ്യപ്പെട്ട അദ്ദേഹം ബ്രിട്ടണിലെ ഇന്ത്യന്‍ അംബാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ദില്ലി:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കുല്‍ദീപ് നയ്യാര്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്തരിച്ചത്. കോളമസിറ്റ്,എഴുത്തുകാരന്‍, നയതന്ത്രവിദ്ഗ്ദന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭവാനകള്‍ നല്‍കിയ അദ്ദേഹം ഇന്ത്യന്‍ മാധ്യമലോകത്തും ദേശീയരാഷ്ട്രീയത്തിലും ഏറെ ആദരിക്കപ്പെട്ടിരുന്ന നേതാവ് കൂടിയായിരുന്നു.

1997-ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റഡ് ചെയ്യപ്പെട്ട അദ്ദേഹം ബ്രിട്ടണിലെ ഇന്ത്യന്‍ അംബാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്താനിലെ സിയാല്‍ക്കോട്ടിലാണ് അദ്ദേഹം ജനിച്ചത്. സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് വേണ്ടിയാണ് ആദ്യവും അവസാനവും കുല്‍ദീപ് നയ്യാര്‍ പോരാട്ടിയത്. വാര്‍ധക്യത്തിന്‍റെ അവശതകള്‍ക്കിടയില്‍ അവസാനകാലത്തും അദ്ദേഹം മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.

കോളമിസ്റ്റ് എന്ന നിലയില്‍ മോദി സര്‍ക്കാരിന്‍റെ നിരന്തരവിമര്‍ശകന്‍ കൂടിയായിരുന്നു അദ്ദേഹം. സമീപവര്‍ഷങ്ങളില്‍ മാധ്യമപ്രവര്‍ത്തനരംഗത്തുണ്ടായ നിലവാരതകര്‍ച്ചയിലും അദ്ദേഹമേറെ അസ്വസ്ഥനായിരുന്നു. ഇരുപതോളം പുസ്തകങ്ങള്‍ എഴുതിയ കുല്‍ദീപ് നയ്യാറിന്‍റെ ആത്മകഥ ബിയോണ്ട് ദ ലൈന്‍സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ്. 

ഒരു ഉറുദു പത്രത്തിന്‍റെ റിപ്പോര്‍ട്ടറായാണ് കുല്‍ദീപ് നയ്യാര്‍ തന്‍റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് പത്രമായ ദ സ്റ്റേറ്റ്സ്മാന്‍റെ ദില്ലി എഡിഷന്‍റെ എഡിറ്ററായിരുന്നു അവര്‍. ഇക്കാലത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരെ സംഘടിപ്പിച്ച് ദില്ലി പ്രസ് ക്ലബില്‍ നിന്നും ജാഥ സംഘടിപ്പിച്ച അദ്ദേഹത്തെ പിന്നീട് അതിന്‍റെ പേരില്‍ ഏറെകാലം ജയിലില്‍ ഇട്ടിരുന്നു. 

പതിനാല് ഭാഷകളിലായി രാജ്യത്തെ 80-ലേറെ മാധ്യമങ്ങളില്‍ കുല്‍ദ്ദീപ് നയ്യാറിന്‍റെ ലേഖനങ്ങളും കോളങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. സമീപകാലത്ത് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ഇന്ദിരയുടെ നൂറ്റാണ്ട് എന്ന പരിപാടിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ഇന്ദിരയുടേയും ഇന്ത്യയുടേയും രാഷ്ട്രീയചരിത്രം വിശദീകരിക്കുകയും ചെയ്തിരുന്നു.