മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം തീരാന്‍ മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇന്ന് ഉന്നത നേതാക്കളുടെ പ്രവാഹം. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി ഫൈസലിനായി മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് പ്രചാരണം നടത്തും. മുഖ്യമന്ത്രി രാവിലെ 9.30നു കൊണ്ടോട്ടി വാഴയൂരിലും വൈകുന്നേരം മഞ്ചേരിയിയിലും പെരിന്തല്‍മണ്ണയിലും പൊതുയോഗത്തില്‍ പങ്കെടുക്കും. മന്ത്രിമാരായ തോമസ് ഐസക്, എ കെ ബാലന്‍, എം എം മണി, മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരും വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കും. മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍, കെ മുരളീധരന്‍, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ പ്രമുഖര്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കന്മാര്‍ ബി ജെ പി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിനായി മണ്ഡലത്തില്‍ തുടരുകയാണ്.