കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാമറൂണിലെ ആ​ഗ്ലോഫോൺ മേഖലയിൽ നൂറു കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇംഗ്ലീഷ് സംസാരിക്കുന്ന ന്യൂനപക്ഷത്തെ ഫ്രഞ്ച് സംസാരിക്കുന്ന ഗവൺമെന്റ് പാർശ്വവൽക്കരിക്കുകയാണെന്നും അതിനാൽ തങ്ങൾക്കൊരു  പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടാണ് മേഖലയിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്.

കാമറൂൺ: ആഫ്രിക്കയിലെ പശ്ചിമ കാമറൂണിലെ സ്കൂളിൽനിന്നും 78 വിദ്യാർത്ഥികളെ സായുധ വിഘടനവാദികൾ തട്ടികൊണ്ടുപോയി. ബാമെണ്ഡയിലെ നുംവൻ ഗ്രാമത്തിലെ പ്രസ്ബിറ്റേറിയൻ സ്കൂളിലെ കുട്ടികളേയും പ്രിൻസിപ്പാളിനേയുമാണ് തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം ഉണ്ടായത്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാമറൂണിലെ ആ​ഗ്ലോഫോൺ മേഖലയിൽ നൂറു കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇംഗ്ലീഷ് സംസാരിക്കുന്ന ന്യൂനപക്ഷത്തെ ഫ്രഞ്ച് സംസാരിക്കുന്ന ഗവൺമെന്റ് പാർശ്വവൽക്കരിക്കുകയാണെന്നും അതിനാൽ തങ്ങൾക്കൊരു പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടാണ് മേഖലയിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്. അമ്പസോണിയ എന്നാണ് സംസ്ഥാനത്തിന് പ്രതിഷേധക്കാർ പേരിട്ടിരിക്കുന്നത്. മേഖലയിൽ സുരക്ഷാ സേനയും വിഘടവാദികളും തമ്മിൽ നിരന്തരമായ ഏറ്റുമുട്ടൽ നടക്കുകയാണ്. 

കഴിഞ്ഞ ആഴ്ച സർക്കാർ ഉടമസ്ഥതയിലുള്ള റബ്ബർ പ്ലാന്റേഷനിലെ ജോലിക്കാരുടെ കൈവിരലുകൾ മുറിച്ചു മാറ്റിയിരുന്നു. ഫാമുകളിൽ പ്രവേശിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ക്രൂര കൃത്യം അവർ നടപ്പിലാക്കിയത്. 2017ല്‍ വിമതവിഭാഗത്തിന്റെ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ആരംഭിച്ചതോടെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായത്.